ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ റണ്‍വേ അറ്റകുറ്റപ്പണി

Posted on: October 5, 2018

ന്യൂഡല്‍ഹി : അറ്റകുറ്റപ്പണിക്കായി ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെ റണ്‍വേകള്‍ ഈ മാസം അവസാനം മുതല്‍ അടുത്ത മാര്‍ച്ച് വരെ വിവിധ ദിവസങ്ങളില്‍ അടച്ചിടും. ഡല്‍ഹിയില്‍ ദിവസേന നൂറും മുംബൈയില്‍ മുന്നൂറും വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ ഇതു വഴിയൊരുക്കും.

സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കുറയുന്നത് ഇവിടെ നിന്നുള്ള യാത്രാനിരക്കു വര്‍ധിക്കാനും കാരണമാകും. ഡല്‍ഹി ഒന്നും മുംബൈയില്‍ രണ്ടും റണ്‍വേകളിലാണ് അറ്റകുറ്റപ്പണി.

ഡല്‍ഹിയില്‍ നിന്നു പ്രതിദിനം 1300 വിമാനങ്ങളാണു സര്‍വീസ് നടത്തുന്നത്. മുംബൈയില്‍ നിന്ന് 1100. റണ്‍വേകള്‍ അടച്ചിടുന്നതിനാല്‍ വിമാനക്കമ്പനികളോട് റദ്ദാക്കുന്ന സര്‍വീസുകളുടെ വിശദാംശം അറിയിക്കാന്‍ ആവശ്യപ്പെട്ടു. ഈ മാസം അവസാനവും നവംബര്‍ 15 – 27 തീയതികളിലും ജനുവരി – മാര്‍ച്ച് മാസങ്ങളിലുമായിരിക്കും ഡല്‍ഹിയില്‍ അറ്റകുറ്റപ്പണി നടത്തുക.

ഡിസംബറില്‍ ഏതൊക്കെ ദിവസങ്ങള്‍ അടച്ചിടണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ മാസം 23 നും രണ്ടാം ഘട്ടത്തില്‍ ഫെബ്രുവരി ഏഴിനും മാര്‍ച്ച് മുപ്പതിനും ഇടയില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണു (മാര്‍ച്ച് 21 ന് ഒഴികെ) മുംബൈ വിമാനത്താവളം അടയ്ക്കുന്നത്. ഈ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെ രണ്ടു റണ്‍വേകളും അടച്ചിടും.