ഒറ്റമുറിചായ്പ്പിലെ അന്തിയുറക്കത്തിന് വിരാമം ; ശില്‍പയ്ക്ക് സ്‌നേഹഭവനമൊരുങ്ങി

Posted on: August 27, 2022

തൃശൂര്‍ : ആധിയുടെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു. ശില്പയ്ക്കും സഹോദരിമാര്‍ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. ലയണ്‍സ് ക്ലബ്ബിന്റെ സ്‌നേഹഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില നിര്‍വഹിച്ചു. കുട്ടനെല്ലൂര്‍ ഗവണ്മെന്റ് അച്യുതമേനോന്‍ കോളേജില്‍ പഠിക്കുന്ന ശില്‍പയ്ക്ക് കോവിഡ് കാലത്ത് പഠനസാമഗ്രികള്‍ നല്‍കിയ ലയണ്‍സ് ക്ലബ് അധികൃതര്‍ ഒറ്റമുറി വീടിന്റെ ശോച്യാവസ്ഥ കണ്ട് വീട് നിര്‍മിച്ചു നല്കാന്‍ തീരുമാനിച്ചിരുന്നു. ശില്‍പയുടെ അച്ഛന് കൂലിപ്പണിയാണ്.

നിത്യവൃത്തിക്ക് ബുധിമുട്ട് നേരിടുന്ന ശില്‍പയുടെ കുടുംബത്തിന് വീടെന്ന സ്വപ്നം അപ്രാപ്യമായിരുന്നു. ഇവിടേക്കാണ് ലയണ്‍സ് ക്ലബ്ബിന്റെ സഹായമെത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നിര്‍ധനരായ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സ്‌നേഹഭവനം. പദ്ധതിയുടെ ഭാഗമായി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങലാണ് ലയണ്‍സ് ക്ലബ് നടത്തുന്നത്.

ചടങ്ങില്‍ തൃശൂര്‍ പൂരം ലയണ്‍സ് ക്ലബ് പ്രസിഡന്റ് രാജീവ് വി ബി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ അഷ്റഫ്, റീജനല്‍ ചെയര്‍മാന്‍ ജെയിംസ് മാളിയേക്കല്‍, സോണല്‍ ചെയര്‍മാന്‍ ഷാജി ജോസ് പാലിശ്ശേരി, സെക്രട്ടറി ജെഷിന്‍ പാലത്തിങ്കല്‍, ക്ലബ്ബ് ഭാരവാഹികളായ പ്രിന്‍സ് മാളിയേക്കല്‍, സുരേന്ദ്രന്‍ എന്‍ സി എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Lions Club |