കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Posted on: February 19, 2021

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരുക്കിയ കഴക്കൂട്ടം ജോബ് ഫെസ്റ്റ് അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്നു. എണ്‍പതിലധികം സ്ഥാപനങ്ങളും രണ്ടായിരത്തോളം ഉദ്യോഗാര്‍ത്ഥികളും ജോബ് ഫെസ്റ്റില്‍ പങ്കെടുത്തു. മുന്നൂറോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിപാടിയില്‍ വെച്ച് തന്നെ നേരിട്ട് ജോലി ലഭിച്ചതായും എഴുന്നൂറിലധികം പേരെ തുടര്‍ അഭിമുഖങ്ങള്‍ക്കായി കമ്പനികള്‍ ക്ഷണിച്ചതായും മന്ത്രി അറിയിച്ചു. ജോലി ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക സമാപന സമ്മേളനത്തില്‍ വെച്ച് സ്ഥാപനപ്രതിനിധികള്‍ മന്ത്രിക്ക് കൈമാറി. ഐ ടി, മാനേജ്‌മെന്റ്, ബി പി ഒ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പങ്കെടുത്തത്.

തൊഴില്‍ മേളയ്ക്കൊപ്പം സംരംഭകത്വ രംഗത്തെ സാധ്യതകളെയും അവസരങ്ങളേയും പരിചയപ്പെടുത്തുന്ന വിദഗ്ദ്ധര്‍ നയിക്കുന്ന സെമിനാറുകളും പാനല്‍ ചര്‍ച്ചകളും അരങ്ങേറി. പ്രോജക്റ്റ് മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ പ്രശസ്ത കണ്‍സള്‍ട്ടന്റ് മടത്തറ സുഗതന്‍, സംരഭകത്വ ആശയങ്ങളെപ്പറ്റി പ്രൊഫ.ജി.എസ് ശ്രീകിരണ്‍, അനുഭവവേദ്യ ടൂറിസത്തെപ്പറ്റി കെ. രൂപേഷ് കുമാര്‍, സ്റ്റാര്‍ട്ട് അപ്പ് മിഷനെപ്പറ്റി കൃഷ്ണകുമാര്‍ എന്നിവര്‍ സെമിനാറുകള്‍ നയിച്ചു. ‘സംരഭകത്വം, തൊഴില്‍, വികസന സാധ്യതകള്‍’ എന്നീ വിഷയത്തില്‍ പാനല്‍ ഡിസ്‌കഷനും നടന്നു.

രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കേപ് ഡയറക്ടര്‍ ഡോ.ആര്‍ ശശികുമാര്‍ സ്വാഗതം ആശംസിച്ചു. കേരള ഐ ടി പാര്‍ക്ക്‌സ് സി.ഇ.ഒ ശശി മീത്തല്‍ അധ്യക്ഷനായിരുന്നു. കഴക്കൂട്ടം കൗണ്‍സിലര്‍ എല്‍.എസ് കവിത ആശംസകളും കിറ്റ്‌സ് ഡയറക്ടര്‍ രാജശ്രീ അജിത്ത് നന്ദിയും രേഖപ്പെടുത്തി.