ടൂറിസം മേഖലയ്ക്ക് പ്രത്യേക സഹായ പദ്ധതിയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ

Posted on: September 12, 2020

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സർക്കാർ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴിൽ നഷ്ടമായ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളായ 328 പേർക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകും. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഹൗസ്ബോട്ടുകൾക്ക് ഒറ്റത്തവണ മെയിന്റനൻസ് ഗ്രാന്റായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80000, 100000, 120000 എന്നിങ്ങനെ നൽകും. നവംബർ 30 നകം അപേക്ഷിക്കണം.

ഹോം സ്റ്റേകൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന കമേഴ്സ്യൽ വിഭാഗത്തിൽ നിന്ന് റസിഡൻഷ്യൽ വിഭാഗത്തിലേക്ക് മാറ്റുക വഴി കെട്ടിട നികുതി ഇളവ് ഉറപ്പാക്കുകയുമാണ്. 1000 ഓളം സംരംഭകർക്ക് നേട്ടം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറി്സം ഫെസിലിറ്റി സെന്റർ, 9.98 കോടി രൂപയുടെ കൺവൻഷൻ സെന്റർ, അനുബന്ധ സൗകര്യവികസനത്തിനായി 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പിലാക്കുകയാണ്. 9.50 കോടി രൂപ ചെലവിൽ പ്രധാന പാർക്കിനോടു ചേർന്ന് ആർട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റൽ മ്യൂസിയം ഉൾപ്പെടയുള്ള സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുക.

വേളിയിൽ തന്നെ അർബൻ വെറ്റ്ലാൻഡ് നേച്ചർ പാർക്കും വരികയാണ്. ടൂറിസ്റ്റ് വില്ലേജിന് എതിർവശമുള്ള 10 ഏക്കറോളം പ്രദേശത്താണ് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമാക്കുന്ന പദ്ധതി രൂപകൽപന ചെയ്യുന്നത്.  അർബൻ – ഇക്കോ പാർക്കുകളും ഇവിടെ തുടങ്ങുന്നു. ആംഫി തീയേറ്റർ ഉൾപ്പെടയുള്ള സംവിധാനങ്ങൾക്കായി 4.99 കോടി രൂപ അനുവദിച്ചു. പ്രദേശത്തെ തീരപാത വികസനത്തിനായി 4.78 കോടി രൂപയുടെ പദ്ധതിയുമുണ്ട്.

കുട്ടികളുടെ പാർക്കിന്റെ നവീകരണം പൂർത്തിയാക്കാനായി. നിലവിലുള്ള നീന്തൽക്കുളവും പാർക്കും നവീകരിക്കുന്നതിനും അനുമതി നൽകി. കാനായി കുഞ്ഞിരാമൻ നിർമിച്ച കലാവിസ്മയമായ ശംഖ് സംരക്ഷണവും പരിസരത്ത് സൗരോർജ്ജ വിളക്ക് സ്ഥാപനവും നടത്തി.

വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് സ്പീഡ് ബോട്ട്, അഞ്ച് പെഡൽ ബോട്ട്, ഒരു സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റുകൾ എന്നിവ വാങ്ങും. കെ ടി ഡി സിയുടെ ഫണ്ട് വിനിയോഗിച്ച്് 50 ലൈഫ് ബോയ് സ്വന്തമാക്കാനായി. ഇവിടെയുള്ള ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് 70 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുകയും ചെയ്തു. 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വേളിയിൽ ഇനി കുട്ടി തീവണ്ടിയും

വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത ട്രെയിൻ ഓടും. സൗരോർജ്ജത്തിലാണ് മിനിയേച്ചർ ട്രെയിൻ സർവീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചർ ട്രെയിൻ സർവീസ് തുടങ്ങുന്നത്. കുട്ടികളെ ആകർഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിൻ സർവീസ് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാകും. ബംഗലുരുവിൽ നിന്നാണ് മൂന്ന് കോച്ചുകളും എൻജിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്റ്റേഷൻ ഉൾപ്പടെ സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജ്ജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു