ശംഖുമുഖത്തെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ ആറാട്ടുചടങ്ങുകളെ ബാധിക്കാത്ത രീതിയില്‍ പൂര്‍ത്തിയാക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: February 11, 2021

തിരുവനന്തപുരം : ശംഖുമുഖത്ത് നടന്നുവരുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുചടങ്ങുകളെ ബാധിക്കാത്ത രീതിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശംഖുമുഖത്ത് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് നടത്തിവരുന്ന സൗന്ദര്യവല്‍ക്കരണ പ്രവൃത്തികള്‍ ആറാട്ടുചടങ്ങുകളെ ബാധിക്കുമെന്ന പരാതി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരം ടൂറിസം വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ കവടിയാര്‍ രാജകുടുംബവുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്.

ശംഖുമുഖത്ത് 20 കോടിയോളം രൂപയുടെ സൗന്ദര്യവല്‍ക്കരണപ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആറാട്ടുചടങ്ങുകള്‍ക്ക് പ്രയാസമുണ്ടാകുമെന്നു പരാതിക്ക് കാരണമായ നടപ്പാതയും രണ്ട് ഇരിപ്പിടങ്ങളും നീക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുവാനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കവടിയാര്‍ കൊട്ടാരത്തില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.എ.എസ്, ഗൗരി പാര്‍വതി ഭായ് തമ്പുരാട്ടി, ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.