ഹൃദയകിരണ്‍ പദ്ധതിയുമായി എസ് എച്ച് മെഡിക്കല്‍ സെന്റര്‍

Posted on: August 19, 2020

കോട്ടയം: കോവിഡ് മഹാമാരിയും പ്രളയക്കെടുതിയും മുലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ഹൃദയകിരണ്‍ പദ്ധതി ആരംഭിച്ചു. തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു.

പദ്ധതി പ്രകാരം ആശയ (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ സേവനം ഒരു വര്‍ഷത്തേക്കു ലഭ്യമാണ്. പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്നതിനായി റേഷന്‍ കാര്‍ഡും ഏതെങ്കിലും ഐഡി കാര്‍ഡുമായി എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയ കിരണ്‍ സഹായ കേന്ദ്രവുമായി ബന്ധപ്പെടണം.

കിടത്തി ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും പ്രസവചികിത്സകള്‍ക്കും വിവിധ പരിശോധനകള്‍ക്കും ഒപ്പം ഒപി വിഭാഗത്തിലും കുറഞ്ഞ നിരക്കിലുള്ള ചികിത്സാ സേവനം പദ്ധതി പ്രകാരം ആശുപത്രിയില്‍ നിന്നു ലഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പതു മുതല്‍ 12.30 വരെ ഹൃദയ കിരണ്‍ പദ്ധതി ഒപി വിഭാഗം പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പദ്ധതി സഹായകേന്ദ്രവുമായോ 9446003039, 9446003040 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.