ഓട്ടിസം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം: സുരാജ് വെഞ്ഞാറമ്മൂട്

Posted on: January 8, 2024

ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് സിനിമ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. കോട്ടയത്ത് കോതനല്ലൂരിലുള്ള ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടിസം ബാധിച്ച കുട്ടികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്നത് ഒരു ചെറിയ കാര്യമല്ല; വളരെ വലിയ ഉത്തരവാദിത്തമാണത്.

ആത്മസമര്‍പ്പണം കൂടിയാണത്, സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. ഓട്ടിസം പരിശീലന രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ ഇനിയും ധാരാളം കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഭാവി സുരക്ഷിതമാക്കുവാനുള്ള കേന്ദ്രമായി മാറട്ടെ എന്ന് സുരാജ് വെഞ്ഞാറമ്മൂട് ആശംസിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ലിസ ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂള്‍ സ്ഥാപകനും ചെയര്‍മാനുമായ ജലീഷ് പീറ്റര്‍ അധ്യക്ഷനായിരുന്നു. സ്ഥാപകയും എം. ഡി. & സി. ഇ. ഒയുമായ മിനു ഏലിയാസ്, ഡേ സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ ബിസിനി സുനില്‍, കാമ്പസ് മാനേജര്‍ സ്റ്റെല്ല സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.