ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.

Posted on: April 19, 2024

കൊച്ചി : ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഓഫ് കേരള (ഇമാക്) ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് അവാര്‍ഡ് 2024 കൊച്ചി ലെ മെറിഡിയനില്‍ വച്ച് നടന്നു.മുന്‍ ഡിജിപിയും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ സാംസ്‌കാരിക സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്ക് മുന്‍ എം.പിയും മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.വി ശ്രേയാംസ് കുമാറിനായിരുന്നു ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്.

പുത്തന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും വ്യത്യസ്തമായ സമീപനങ്ങള്‍ക്കും പേരുകെട്ടവരാണ് കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മുന്‍ ഡിജിപിയുമായ ലോകനാഥ് ബെഹ്‌റ ഐ.പി.എസ് പറഞ്ഞു. ഏറ്റെടുക്കുന്ന എല്ലാ പരിപാടികളിലും മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത രീതികളിലൂടെ അവര്‍ വേറിട്ടുനില്‍ക്കാറുണ്ട്. വിര്‍ച്വല്‍ റിയാലിറ്റി പോലെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റെടുത്തുകൊണ്ട് ഇവന്റ് മാനേജ്‌മെന്റ് രംഗം അതിവേഗം വളരുകയാണ്. വേഗമേറിയ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ അസാമാന്യമികവ് വേണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

നല്ല പരിപാടികളിലൂടെ അറിവുനേടുന്ന ഒരു സമൂഹത്തെയാണ് നമുക്ക് ആവശ്യമെന്ന് മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ് വിഭാഗം ഡയറക്ടറും എം.വി. ശ്രേയാംസ് കുമാറിന്റെ മകളുമായ മയൂര ശ്രേയാംസ് കുമാര്‍ പറഞ്ഞു. എം.വി. ശ്രേയാംസ് കുമാറിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത് മയൂരയാണ്. ആളുകള്‍ ഒരുമിച്ച് കൂടുമ്പോഴാണ് വലിയ കാര്യങ്ങള്‍ സാധ്യമാകുന്നതെന്ന ശ്രേയാംസ് കുമാറിന്റെ വാക്കുകള്‍ മയൂര ഉദ്ധരിച്ചു. അങ്ങനെയാണ് നമ്മള്‍ വളരുകയും ഭാവിയിലേക്കായി കൂടുതല്‍ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്നതെന്നും മയൂര പറഞ്ഞു.

ഇവന്റ് ഡെക്കോര്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് & സൊല്യൂഷന്‍സ്, എന്റര്‍ടൈന്‍മെന്റ് ഡിസൈന്‍, വെന്യു ആന്‍ഡ്കാറ്ററിംഗ് സൊല്യൂഷന്‍സ്, പേഴ്‌സണലൈസ്ഡ് സൊല്യൂഷന്‍സ ്എന്നിങ്ങനെ ലഭിച്ച 350 എട്രികളില്‍ നിന്ന്് 5 തലങ്ങളിലായി 60 വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് സമ്മാനിച്ചു.രാജ്യത്തുടനീളമുള്ള വ്യവസായവിദഗ്ധരുടെ 14 അംഗ ജൂറിയാണ് അവാര്‍ഡുകള്‍ വിലയിരുത്തിയത്.

കേരളത്തിലെ വിവിധ ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളെ ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയും അതുവഴി ഇവന്റ് മാനേജ്മെന്റ് ഏജന്‍സികളുടെ ഏക പ്രതിനിധി സംഘടനയായി മാറുകയും ചെയ്യുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് 2009 ജൂലൈ 01 ന് ഇവന്റ് മാനേജ്മെന്റ് അസോസിയേഷന്‍ കേരള ‘ഇമാക് ‘രൂപീകരിച്ചത്. ഇവന്റ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് മാനേജ്മെന്റ് അസോസിയേഷനുമായി ‘ഇമാക് ‘ ന് അഫിലിയേഷന്‍ ഉണ്ട്.

ഇവന്റുകളിലെയും അനുബന്ധ വ്യവസായങ്ങളിലെയും പ്രൊഫഷണലുകള്‍ക്ക് ഒരു മികച്ച നെറ്റ്വര്‍ക്കിംഗ് അവസരമാണ് ഇവന്റ് വാഗ്ദാനം ചെയ്യുന്നത്. പരിപാടിയില്‍ ബി2ബി എക്സ്പോ, വിജ്ഞാന സെഷനുകള്‍, മുഖ്യപ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകളും സംഘടിപ്പിച്ചു. പരുപാടിയുടെ ഭാഗമായി നടന്ന നോളജ് സെഷന്‍ കെ ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സംഗീതജ്ഞന്‍ സിദ്ധാര്‍ത്ഥ് മേനോന്റെ ഇന്ത്യയിലെ ഏക ഒറിജിനല്‍ ട്രിബ്യൂട്ട് ബാന്‍ഡായ കെകെ ലൈവ് ഫോര്‍ എവര്‍ ബാന്‍ഡിന്റെ കലാപരിപാടികളും അവതരിപ്പിച്ചു.