ഇസാഫ് ബാങ്ക് റീജിയണല്‍ ഓഫീസ് കളമശ്ശേരിയില്‍

Posted on: April 16, 2024

കളമശ്ശേരി : തൃശൂര്‍ ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ റീജിയണല്‍ ഓഫീസ് കളമശ്ശേരിയില്‍ എംഡിയും സിഇയുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. അതോടൊപ്പം ബാങ്കിങ് സേവനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായ് ബാങ്ക് ശാഖയും ആരംഭിച്ചു. ബാങ്ക് ശാഖയുടെ ഉദ്ഘാടനം രാജഗിരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാദര്‍ ബെന്നി നല്‍കര നിര്‍വഹിച്ചു.

പുതിയ റീജിയണല്‍ ഓഫീസ് ആരംഭിച്ചതിലൂടെ ഞങ്ങളുടെ സേവനങ്ങള്‍ സൗകര്യത്തോടും കാര്യക്ഷമതയോടും കൂടി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുന്നതാണ്. ഞങ്ങളുടെ സമഗ്രമായ ബാങ്കിംഗ് സേവനങ്ങള്‍ വ്യക്തികളെയും ബിസിനസുകളെയും ഒരുപോലെ സ്വാധീനിക്കുന്നതിന്റെ പ്രതിഫലനമാണ് ഞങ്ങളുടെ വളര്‍ച്ച എന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇയുമായ കെ. പോള്‍ തോമസ് പറഞ്ഞു.

പുതിയ ശാഖയില്‍ വ്യക്തിഗത ബാങ്കിംഗ്, ലോക്കര്‍ സൗകര്യം, വിവിധ നിക്ഷേപ പദ്ധതികള്‍, വായ്പ സേവനങ്ങള്‍ എന്നിവ ലഭ്യമാണ്. കളമശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ കെ നിഷാദ് എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. മൈക്രോ ബാങ്കിംഗ് ഡിവിഷന്റെ ഉദ്ഘാടനം മാനെ കാന്‍കോര്‍ ഇന്‍ഗ്രീഡിയന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ഡോ. ജീമോന്‍ കോര നിര്‍വഹിച്ചു. സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് കളമശ്ശേരി പ്രസിഡന്റ് ജമാല്‍ നീരുങ്ങല്‍ നിര്‍വഹിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അഡ്മിനിസ്ട്രേഷന്‍ ഹെഡ് ബോസ്‌കോ ജോസഫ് പ്രസംഗിച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഡയറക്ടേഴ്‌സ് ഡോ. വി എ ജോസഫ്, എം ജി അജയന്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടുമാരായ ജോര്‍ജ് തോമസ്, ഹരി വെള്ളൂര്‍, ഇസാഫ് അഗ്രോ കോ ഓപ്പറേറ്റീവ് ഡയറക്ടര്‍ സി പി മോഹന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്തുദാസ് കെ വി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രാജേഷ് എസ്, ഇസാഫ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജീഷ് കളപ്പുരയില്‍, പ്രോഡക്റ്റ് ഹെഡ് ജോര്‍ജ് ഉമ്മന്‍, മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, റീജിയണല്‍ ഹെഡ് പ്രദീപ് നായര്‍, ക്ലസ്റ്റര്‍ ഹെഡ് അലക്സ് കരുവേലില്‍ എന്നിവര്‍ സംബന്ധിച്ചു.