ബാര്‍ബി എക്സ് ഫ്‌ലിപ്പ് ഫോണുമായി എച്ച്എംഡി

Posted on: February 29, 2024

കൊച്ചി : 2016 മുതല്‍ നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി (ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്) സ്വന്തം ബ്രാന്‍ഡില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഈ വര്‍ഷം മുതല്‍ എച്ച്എംഡി എന്ന് ബ്രാന്‍ഡിലായിരിക്കും കമ്പനി വിപ്ലവകരമായ മാറ്റത്തോടെ പുതിയ മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കുക. അതേസമയം നോക്കിയ ബ്രാന്‍ഡില്‍ ഫോണുകളുടെ വില്പന തുടരുകയും ചെയ്യും. ഇതിനായി മള്‍ട്ടിബ്രാന്‍ഡ് സ്ട്രാറ്റജിയും കമ്പനി പ്രഖ്യാപിച്ചു. പുതിയ എച്ച്എംഡി ഒറിജിനല്‍ ഡിവൈസുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം, നോക്കിയ ഫോണുകള്‍ തുടര്‍ന്നും വിപണിയില്‍ ലഭ്യമാക്കുക, പ്രചോദനാത്മകമായ പാര്‍ട്ണര്‍ഷിപ്പ് തുടരുക എന്നിവയാണ് മള്‍ട്ടിബ്രാന്‍ഡ് സ്ട്രാറ്റജി സമീപനത്തിലേക്ക് പരിണമിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എച്ച്എംഡി വ്യക്തമാക്കുന്നു.

ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നതും സ്വയം റിപ്പയര്‍ ചെയ്യാവുന്നതുമായ ഫോണുകള്‍ നിര്‍മിക്കുകയാണ് എച്ച്എംഡിയുടെ ലക്ഷ്യം. കൂടുതല്‍ ഈടുനില്‍ക്കുന്ന ഫോണ്‍ ലഭ്യമാക്കുക വഴി ഇ-മാലിന്യം കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഈ സമ്മറില്‍ തന്നെ ഇത്തരത്തിലുള്ള ഡിവൈസ് വിപണിയിലിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ലോകമെമ്പാടുമുള്ള കൂടുതല്‍ കമ്മ്യൂണിറ്റികള്‍ക്ക് സാങ്കേതികവിദ്യ കൂടുതല്‍ ആക്സസ് ചെയ്യാവുന്ന തരത്തില്‍ നവീകരണത്തിനുള്ള ഒരു പ്ലാറ്റ്ഫോമായിരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ എന്ന് എച്ച്എംഡി അറിയിച്ചു.

മാറ്റലുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ബാര്‍ബി എക്സ് ഫ്‌ലിപ്പ് ഫോണും ഈ സമ്മറില്‍ പുറത്തിറങ്ങും. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരിക്കും ഇതിന്റെ അവതരണം. കഴിഞ്ഞ രണ്ട് വര്‍ഷം മൊബൈല്‍ വിപണിയില്‍ ഇടിവുണ്ടായെങ്കിലും എച്ച്എംഡി 2023ലെ പ്രവര്‍ത്തന ലാഭത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു.

അനന്തമായ സഹകരണ സാധ്യതകള്‍ തുറക്കുന്ന പുതിയ എച്ച്എംഡി മള്‍ട്ടി ബ്രാന്‍ഡ് തന്ത്രം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണെന്ന് ഇതേകുറിച്ച് സംസാരിച്ച എച്ച്എംഡി ഇന്ത്യ ആന്‍ഡ് എപിഎസി വൈസ് പ്രസിഡന്റ് രവി കുന്‍വാര്‍ പറഞ്ഞു. ബാര്‍ബി കോ-ബ്രാന്‍ഡഡ് ഡിവൈസ് അവതരിപ്പിക്കുന്നതിന് ടോയ് കമ്പനിയായ മാറ്റലുമായുള്ള ഞങ്ങളുടെ ആഗോള ബന്ധം ഇതിന്റെ ഒരു പ്രധാന ഉദാഹരണമാണ്. ഇന്ത്യയ്ക്കും മറ്റ് വിപണികള്‍ക്കുമായുള്ള ശക്തമായ ഒരു സ്മാര്‍ട്ട് 5ജി ഉത്പന്ന നിരയെ കുറിച്ച് ഞങ്ങള്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഞങ്ങളുടെ ഏഴു വര്‍ഷത്തെ യാത്രയില്‍ ഏറെ സഹകരണവും പിന്തുണയും നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞെന്നും, പുതിയ എച്ച്എംഡിയെ ലോകത്തെ പരിചയപ്പെടുത്തുന്നതിനനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും എച്ച്എംഡി സഹസ്ഥാപകനും ചെയര്‍മാനും സിഇഒയുമായ ജീന്‍-ഫ്രാങ്കോയിസ് ബാരില്‍ പറഞ്ഞു.