പ്രമേഹ നിയന്ത്രണത്തിന് ഇൻവൊകാനയുമായി ജാൻസെൻ ഇന്ത്യ

Posted on: April 28, 2015

Janssen-Logo-Big

കൊച്ചി : ജോൺസൺ ആന്റ് ജോൺസന്റെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായ ജാൻസെൻ, പുതിയ പ്രമേഹ ചികിത്സയുടെ ഭാഗമായ ഇൻവൊകാന (കാനഗ്ലിഫ്‌ളോസിൻ) ഇന്ത്യയിൽ അവതരിപ്പിച്ചു. രാജ്യത്ത് പ്രമേഹം മൂലം കഷ്ടപ്പെടുന്ന 67 ദശലക്ഷം പേരെ സംബന്ധിച്ചിടത്തോളം ഏറെ സുപ്രധാനമായ പുതിയ ചികിത്സയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ദിവസവും ഒന്നു വീതം കഴിക്കേണ്ട ഇൻവൊകാന, സോഡിയം ഗ്ലൂക്കോസ് കോ-ട്രാൻസ്‌പോർട്ടർ 2 (എസ്ജിഎൽടി 2) ഇൻഹിബിറ്റർ ക്ലാസ് മരുന്നുകളിൽ ഉൾപ്പെടുന്നതാണ്. ഭക്ഷണനിയന്ത്രണം, ജീവിതശൈലി നിയന്ത്രണം, മറ്റ് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ എന്നിവയിലൂടെ പ്രമേഹം നിയന്ത്രണവിധേയമാക്കാൻ കഴിയാത്തവരിൽ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കാൻ ഇൻവൊകാന പ്രയോജനപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മറ്റ് ടൈപ്പ് 2 പ്രമേഹ ചികിത്സാരീതികളെ അപേക്ഷിച്ച് ഇൻവൊകാനയും എസ്ജിഎൽടി2 ഇൻഹിബിറ്ററുകളും പ്രവർത്തിക്കുന്നത് വ്യത്യസ്തമായാണ്. വൃക്കകളിൽ ഗ്ലൂക്കോസ് വീണ്ടും ആഗിരണം ചെയ്യപ്പെടുന്നത് ഇവ തടയുന്നു. മൂത്രത്തിലൂടെ കൂടുതൽ ഗ്ലൂക്കോസ് പുറന്തള്ളപ്പെടുകയും അതുവഴി ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുകയുമാണ് അനന്തരഫലം. പ്രമേഹ ചികിത്സയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. 10,000 ലേറെ രോഗികളിൽ നടത്തിയ ട്രയലുകളിലൂടെയാണ് ഇൻവൊകാനയുടെ ഫലപ്രാപ്തി തെളിയിച്ചത്.

പൊതുവെ ശരീരത്തിന് സ്വീകാര്യമായ ചികിത്സയായാണ് ഇൻവൊകാന ക്ലിനിക്കൽ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിരിക്കുന്നത്. ജനനേന്ദ്രിയങ്ങളിലെ ഫംഗസ് ബാധ അല്ലെങ്കിൽ കാൻഡിഡിയാസിസ്, മൂത്രനാളിയിലെ അണുബാധ, മൂത്രം പോകൽ എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന പാർശ്വഫലങ്ങൾ. വളരെ കുറഞ്ഞതും തീവ്രമല്ലാത്തതുമായ രീതിയിലാണ് ഇവ കണ്ടുവരുന്നത്. പഠനത്തിന്റെ മൂന്നാംഘട്ടത്തിൽ ഇവയുടെ ആവർത്തനം കുറയുന്നതായും വ്യക്തമായി.

ഇന്ത്യയിൽ ഇൻവൊകാനയുടെ അവതരണം ജാൻസനെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണെന്ന് ജാൻസെൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സഞ്ജീവ് നാവൻഗുൽ പറഞ്ഞു. രാജ്യത്ത് ടൈപ്പ് 2 പ്രമേഹരോഗികളുടെ സംഖ്യ നിരന്തരം വർധിക്കുമ്പോൾ ഇത്തരം ചികിത്സാരീതികളുടെ ആവശ്യം ഏറെയാണ്.