ഇ. ശ്രീധരനു ജപ്പാൻ പരമോന്നത പുരസ്‌കാരം

Posted on: November 9, 2013

E.-Sreedharanഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുഖ്യ ഉപദേഷ്ടാവും മുൻ എംഡിയുമായ ഇ. ശ്രീധരനു ജപ്പാന്റെ പരമോന്നത ബഹുമതിയായ ദ ഓർഡർ ഓഫ് ദ റൈസിംഗ് സൺ ഗോൾഡ് ആൻഡ് സിൽവർ സ്റ്റാർ പുരസ്‌കാരം. ജപ്പാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഷിൻസോ അബേ ശ്രീധരനെ പുരസ്‌കാര ചിഹ്നം അണിയിച്ചു പ്രശസ്തിപത്രം സമ്മാനിച്ചു.

ഡൽഹി മെട്രോ പദ്ധതി വഴി ഇന്ത്യയും ജപ്പാനുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കിയതിനും ഇന്ത്യയിലെ ജപ്പാൻ സാന്നിധ്യം കൂടുതൽ ശക്തമാക്കിയതിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണു ശ്രീധരനു പുരസ്‌ക്കാരം സമ്മാനിച്ചത്.

തനിക്കു ലഭിച്ച പുരസ്‌കാരം ഡൽഹി മെട്രോ കുടുംബത്തിനു സമർപ്പിക്കുന്നതായി പുരസ്‌കാരം സ്വീകരിച്ച ശ്രീധരൻ പറഞ്ഞു. ഡിഎംആർസിയുടെ നേട്ടങ്ങളുടെ പേരിലാണു താൻ പുരസ്‌കൃതനായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.