വാര്‍ഡ്വിസാര്‍ഡ് 2024 മാര്‍ച്ചില്‍ 3,800 യൂണിറ്റിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചു

Posted on: April 19, 2024

കൊച്ചി : ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്വ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2024 മാര്‍ച്ചില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 3,801 യൂണിറ്റ് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് ബ്രാന്‍ഡ് 2024 മാര്‍ച്ചില്‍ കയറ്റി അയച്ചത്.

ഇതോടൊപ്പം 16 ത്രീവീലറുകളും കമ്പനി വിറ്റു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 1.5% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചില്‍ 3,744 ഇരുചക്ര വാഹനങ്ങളാണ് കമ്പനി വില്‍പന നടത്തിയത്. അതേസമയം കഴിഞ്ഞ മാസത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 88% ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ 2,018 യൂണിറ്റുകളുടെ വില്‍പനയാണുണ്ടായിരുന്നത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ (2023 എപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) മുച്ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ആകെ 26,996 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാനും കമ്പനിക്ക് സാധിച്ചു. ഇ.വി ഉല്പന്നങ്ങള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡും, രാജ്യവ്യാപകമായി വിതരണക്കാരുടെ ഷോറൂമുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണവുമാണ് കമ്പനിയെ ഈ വില്‍പന നേട്ടത്തിലേക്ക് നയിച്ചത്. 150ലധികം വിതരണ ഷോറൂമുകളാണ് ഈ സാമ്പത്തിക വര്‍ഷം മാത്രം കമ്പനി ഉദ്ഘാടനം ചെയ്തത്. എല്ലാവര്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2025 സാമ്പത്തിക വര്‍ഷം അതിന്റെ വിതരണ ശൃംഖല കൂടുതല്‍ വിപുലീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന വിശ്വാസത്തിന് തങ്ങള്‍ നന്ദി പറയുന്നതായി വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. ഇ-മൊബിലിറ്റി പരിവര്‍ത്തനത്തെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ഇത് തങ്ങളെ പ്രാപ്തമാക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങള്‍ കാര്യമായ പുരോഗതി കൈവരിച്ചു. ഒരു ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന ഉള്‍പ്പെടെ ചില സുപ്രധാന നാഴികക്കല്ലുകളില്‍ എത്തിച്ചേരാനും സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: WardWizard |