ആൻഡ്രോയ്ഡ് ഫോണിലും ടാബ്‌ലെറ്റിലും എംഎസ് ഓഫീസ്

Posted on: March 20, 2015

MS-Office-Mobile-big

കൊച്ചി : ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലും എആർഎം അധിഷ്ഠിത ടാബ്‌ലെറ്റുകളിലും ഇനി മൈക്രോസോഫ്റ്റ് ഓഫീസ് സേവനങ്ങൾ. ആൻഡ്രോയ്ഡിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ എംഎസ് ഓഫീസ് ആപ്പ് ഇന്നുമുതൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സജ്ജമായി. ടച്ച് സാങ്കേതികതയ്ക്ക് അനുയോജ്യമായ രൂപകൽപനയിലാണ് മൈക്രോസോഫ്റ്റ് ഈ ആപ്പ് അവതരിപ്പിക്കുന്നത്. വേർഡ്, എക്‌സൽ, പവർപോയിന്റ് സേവനങ്ങൾ ആൻഡ്രോയ്ഡ് ഡിവൈസുകളിൽ അനായാസം ഉപയോഗിക്കാൻ ഇനി തടസങ്ങളൊന്നുമില്ല.

ലെനോവോ, ലാവ, മൈക്രോമാക്‌സ്, സാംസംഗ്, ഐബോൾ തുടങ്ങി എആർഎം അധിഷ്ഠിത ആൻഡ്രോയ്ഡ് ടാബ്‌ലെറ്റുകൾ നിർമിക്കുന്ന പ്രമുഖ കമ്പനികളുടെയെല്ലാം ഡിവൈസുകളിൽ എംഎസ് ഓഫീസ് ആപ്പ് ഇപ്പോൾ ലഭിക്കുന്നു. സാംസംഗ്, മൈക്രോമാക്‌സ്, ഷാവോമി, എൽജി, സോണി തുടങ്ങിയവയുടെ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലും ഈ പുതിയ ആപ്പ് ലഭ്യമാണ്.

വലുപ്പം കൂടിയ ടച്ച് പോയിന്റുകളാണ് എംഎസ് ഓഫീസ് ആപ്പ് നൽകുന്നത്, നാവിഗേഷൻ ഇത് വളരെ അനായാസകരമാക്കുന്നു. ആവശ്യമെങ്കിൽ എക്‌സ്റ്റേണൽ കീ ബോർഡ് ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാണ്. മൊബൈൽ ഉപയോഗങ്ങൾക്ക് ചേർന്ന രീതിയിലാണ് ഓഫീസിന്റെ സേവനങ്ങൾ ആപ്പിൽ അവതരിപ്പിക്കുന്നത്. ട്രാക്ക് ചേഞ്ച് അടക്കമുള്ള വേർഡ് സേവനങ്ങൾ ആപ്പിലും ലഭ്യമാണ്. എക്‌സെലിലാവട്ടെ ഫോർമുല, ചാർട്ട്, ടേബിൾ, പിവോട്ട് ടേബിൾ, സോർട്ടിംഗ്, ഫിൽട്ടറിംഗ്, കമന്റ് സേവനങ്ങൾ ആപ്പിലും ലഭ്യം. പവർപോയിന്റിലും, ഫോർമാറ്റിംഗ്, വീഡിയോ, ട്രാൻസിഷൻ, ആനിമേഷൻ സൗകര്യങ്ങളെല്ലാം എംഎസ് ഓഫീസ് ആപ്പ് നൽകുന്നു.

ഏഴിഞ്ചിലധികം സ്‌ക്രീൻ വലുപ്പം, എആർഎം അധിഷ്ഠിത പ്രോസസർ, 1 ജിബി റാം എന്നിവയാണ് ഓഫീസ് ആപ്പ് പ്രവർത്തിക്കുന്നതിന് ടാബ്‌ലെറ്റിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ. നിലവിൽ കിറ്റ്കാറ്റ് 4.4 ആൻഡ്രോയ്ഡ് വേർഷനിലാണ് ആപ്പ് ഇപ്പോൾ പ്രവർത്തിക്കുക. അടുത്ത അപ്‌ഡേറ്റിൽ ലോലിപോപ്പിലും ഇതു ലഭ്യമാകും. ഇന്റൽ ചിപ്പ് സെറ്റ് ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഡിവൈസുകളിലും മൂന്നു മാസത്തിനുള്ളിൽ ഓഫീസ് ആപ്പ് പ്രവർത്തന സജ്ജമാകും.

യാത്രയ്ക്കിടയിലും ഉപയോഗിക്കാവുന്ന തരത്തിലാണ് ഓഫീസ് മൊബൈൽ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. വൺ ഡ്രൈവ് അല്ലെങ്കിൽ ഡ്രോപ്‌ബോക്‌സ് ഉപയോഗിച്ച് എംഎസ് ഓഫീസ് ഫയലുകൾ സ്മാർട്ട് ഫോണിൽ അക്‌സസ് ചെയ്യുകയുമാവാം.

ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഓഫീസ് മൊബൈൽ ആപ്പ് സൗജന്യമാണ്. ടാബ്‌ലെറ്റുകളിൽ പ്രിവ്യൂവിംഗ്, ക്രിയേറ്റിംഗ്, പ്രിന്റിംഗ്, ലൈറ്റ് എഡിറ്റിംഗ് സേവനങ്ങൾ സൗജന്യമാണ്. പക്ഷെ മറ്റ് പ്രീമിയം/കൊമേഴ്‌സ്യൽ സേവനങ്ങൾക്ക് ഓഫീസ് 365 സബ്‌സ്‌ക്രിപ്ഷൻ ആവശ്യമാണ്.