മൈക്രോസോഫ്റ്റ് ക്ലൗഡ് ആക്‌സലറേറ്റർ പ്രോഗ്രാം

Posted on: March 18, 2015

Microsoft-Azsure-big

കൊച്ചി : സർക്കാർ വകുപ്പുകൾക്കും, പൊതുമേഖലാ സംവിധാനങ്ങൾക്കും, വ്യവസായ വാണിജ്യ സംരംഭങ്ങൾക്കും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ ഗുണങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനായി മൈക്രോസോഫ്റ്റ് ക്ലൗഡ് ആക്‌സലറേറ്റർ പ്രോഗ്രാം അവതരിപ്പിച്ചു. ഇന്ത്യയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിംഗ് കോൺഫറൻസായ മൈക്രോസോഫ്റ്റ് അഷ്വർ 2015 ലാണ് ക്ലൗഡ് കംപ്യൂട്ടിംഗിലെ ഈ പുതിയ മുന്നേറ്റം കമ്പനി അവതരിപ്പിച്ചത്. 1500 ക്ലൗഡ് വിദഗ്ധരും ഐടി ഇൻഡസ്ട്രി വിദഗ്ധരും നേരിലും 15,000 പേർ വിർച്വൽ ആയും ഈ കോൺഫറൻസിൽ പങ്കെടുത്തു.

മൈക്രോസോഫ്റ്റ് അഷ്വർ, ഓഫീസ് 365 ക്ലൗഡ് സേവനങ്ങൾ ഇന്ത്യയിലെ ഡാറ്റാസെന്ററുകൾ വഴി നൽകിത്തുടങ്ങുമെന്ന് ഒരു വർഷം മുമ്പേ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. തദ്ദേശീയമായ ഗവർമെന്റ് റെഗുലേഷനുകൾ അനുസരിച്ച് ക്ലൗഡ് സേവനങ്ങൾ സ്വീകരിക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഇപ്പോൾ ക്ലൗഡ് ആക്‌സലറേറ്റർ പ്രോഗ്രാം മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ഉപയോക്താക്കൾക്കും, സർക്കാർ സംവിധാനങ്ങൾക്കും ഉചിതമായ രീതിയിൽ സവിശേഷമായി രൂപകൽപന ചെയ്തതാണ് മൈക്രോസോഫ്റ്റ് ഇന്ത്യ ക്ലൗഡ് ആക്‌സലറേറ്റർ. എച്ച്‌സിഎൽ, വിപ്രോ, ടെക്മഹീന്ദ്ര അടക്കമുള്ള കമ്പനികൾ ക്ലൗഡ് ആക്‌സലറേറ്റർ പ്രോഗ്രാമിന്റെ നടത്തിപ്പിൽ മൈക്രോസോഫ്റ്റ് പങ്കാളികളാകുന്നു.

ഇതിന് പുറമേ അഷ്വർ വിദ്യാപീഠ്, ഗുരുവാർത്ത എന്നിങ്ങനെ രണ്ടു ക്ലൗഡ് പരിശീലന പദ്ധതികളും മൈക്രോസോഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ക്ലൗഡ് കംപ്യൂട്ടിംഗിലേക്ക് മാറാൻ ഈ പദ്ധതികൾ സഹായകമാകും. 250 ഇന്ത്യൻ നഗരങ്ങളിലെ പതിനായിരത്തിലധികം ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കാൻ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു.

കൂടാതെ സർക്കാർ, പൊതുമേഖല, സാമ്പത്തിക സേവന മേഖലകൾക്കായി ക്ലൗഡ് ഡിസിഷ്യൻ ഫ്രെയിംവർക്കും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ഐആർഡിഎ, ഐഡിആർബിറ്റി, ഐടി ആക്ട് തുടങ്ങി ഇന്ത്യയ്ക്കുള്ളിൽ ബാധകമായ റെഗുലേറ്ററി മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ് ഈ ഫ്രെയിം വർക്ക്.

ഡിജിറ്റൽ ഇന്ത്യയെന്ന സ്വപ്നത്തിലേക്കുള്ള പാതയിൽ ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കുക മാത്രമാണ് സർക്കാരുകൾക്കും സംരംഭങ്ങൾക്കും തങ്ങളുടെ ഐടി അ ടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വഴി. സർക്കാരിനും, പൊതുമേഖലയ്ക്കും സഹായമാകുന്ന വിധത്തിൽ തദ്ദേശീയ ഡാറ്റാസെന്ററുകൾ വഴി ക്ലൗഡ് സേവനങ്ങൾ നൽകാനാണ് മൈക്രോസോഫ്റ്റ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇഗവേണൻസ്, ആരോഗ്യസംരംക്ഷണ, വിദ്യാഭ്യാസ മേഖലകളിൽ വൻ മുന്നേറ്റത്തിന് ക്ലൗഡ് സേവനങ്ങൾ വഴി തെളിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയർമാൻ ഭാസ്‌കർ പ്രമാണിക് പറഞ്ഞു.