ഓഫീസ് 2016 മാക് പ്രിവ്യൂ വേർഷനുമായി മൈക്രോസോഫ്റ്റ്

Posted on: March 9, 2015

Microsoft-Office-2016-big

കൊച്ചി: മൈക്രോസോഫ്റ്റ് ഓഫീസ് 2016 ന്റെ മാക് വേർഷൻ കമ്പനി ഉപയോക്താക്കൾക്കു മുമ്പിൽ അവതരിപ്പിച്ചു. മാക് കമ്യൂണിറ്റിയിൽ നിന്ന് നിർദേശങ്ങളും ഭേദഗതികളും തേടിക്കൊണ്ടുള്ള പ്രിവ്യൂ വേർഷനാണിത്. ഉപയോക്താക്കളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച്, പരിഷ്‌കരിച്ച ഓഫീസ് 2016 ഫോർ മാക് ഈ വർഷാവസാനത്തോടെ ഔദ്യോഗികമായി വിപണിയിലെത്തും.

ക്ലൗഡിൽ രൂപകൽപന ചെയ്തിരിക്കുന്ന ഓഫീസ് 2016 ഫോർ മാക് ഏതു ഡിവൈസിലും, ഏതുസമയത്തും വൺഡ്രൈവ്, വൺഡ്രൈവ് ഫോർ ബിസിനസ്, ഷെയർ പോയിന്റ് എന്നിവയിൽ ലഭ്യമാകുന്നു. വേർഡ്, എക്‌സൽ, പവർപോയിന്റ്, വൺ നോട്ട്, ഔട്ട്‌ലുക്ക് എന്നിവയുടെ ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പുകളാണ് ഓഫീസ് 2016 ഫോർ മാകിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വേർഡിൽ കൂടുതൽ സർഗാത്മകത അനുവദിക്കുന്ന പുതിയ പതിപ്പ്, ഡോക്യുമെന്റുകൾ കൂടുതൽ മനോഹരമായി അവതരിപ്പിക്കാനുള്ള നിരവധി സാധ്യതകളാണ്് നൽകുന്നത്. എക്‌സലിലാവട്ടെ പരിഷ്‌കരിച്ച ഫോർമുല ബിൽഡറും, അനാലിസിസ്ടൂൾപായ്ക്കും ഗ്രാഫിക്‌സ് ഉപയോഗിക്കാനുള്ള കൂടുതൽ അവസരങ്ങൾ സജ്ജമാക്കിയിരിക്കുന്നു. പവർ പോയിന്റിലെ പുതിയ പ്രെസന്റർ വ്യൂ നിലവിലുള്ള സ്ലൈഡും, അടുത്ത സ്ലൈഡും, നോട്ട്‌സും, ടൈമറും കാണിക്കുന്നു. അടുത്തയിടെ റിലീസ് ചെയ്ത ഔട്ട്‌ലുക്ക് ഫോർ മാകും ഓഫീസ് 2016 ഫോർ മാക് പ്രിവ്യു വെർഷന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഓഫീസ് 365 പേഴ്‌സണൽ അല്ലെങ്കിൽ ഹോം സബ്‌സ്‌ക്രിപ്ഷനുള്ളവർക്ക് സൗജന്യമായി ഓഫീസ് 2016 ഫോർ മാകിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും, ഇത് ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോൾ. പ്രിവ്യൂ പതിപ്പ് ഉപയോഗിക്കാനും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും മൈക്രോസോഫ്റ്റ് ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.