സ്ത്രീ ശാക്തീകരണം ഗൗരവമായി ചർച്ചചെയ്യണമെന്ന് ശോഭാ കോശി

Posted on: March 6, 2015

KMA-Woman-Conclave-Inaug-bi

കൊച്ചി: നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് നിയുക്ത ബാലവകാശ കമ്മീഷൻ അധ്യക്ഷ ശോഭാ കോശി പറഞ്ഞു. കെ എം എ വനിതാ ഫോറം സംഘടിപ്പിച്ച വിമെൻ ലീഡർഷിപ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭാ കോശി.

കേരളത്തിലെ 78 ശതമാനം കുട്ടികളും 18 വയസാകും മുൻപ് തന്നെ മയക്ക് മരുന്നോ മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിക്കുന്നു എന്ന റിപ്പോർട്ട് ആശങ്കാജനകമാനെന്നും അവർ പറഞ്ഞു. ലിംഗാനുപാതം കുറയുന്നതും മാനഭംഗങ്ങൾ വർധിക്കുന്നതും ഗൗരവമായി ചർച്ച ചെയ്യണമെന്നും ശോഭാ കോശി പറഞ്ഞു.

എഴുപതുകളിലെ മാതൃകായായിരുന്ന കേരള മോഡൽ ഇന്ന് സ്ത്രീവിരുദ്ധ സമൂഹമായി മാറിയെന്നു മുഖ്യാതിഥിയായിരുന്ന പത്രപ്രവർത്തക അനിതാ പ്രതാപ് പറഞ്ഞു. വനിതാ ശാക്തീകരണത്തിലും വനിതകൾക്ക് വിദ്യാഭ്യാസം നൽകുന്നതിലും കേരളം ഒരു കാലത്ത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു. എന്നാൽ ഇന്ന് കേരള സമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ സ്ഥാനം നൽകാൻ പോലും മടി കാണിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ചലച്ചിത്രതാരം പാർവതി, കെഎംഎ പ്രസിഡന്റ് പ്രേംചന്ദ്, മരിയ അബ്രഹാം, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.