മലബാർ ഗോൾഡ് പ്രത്യാശ പദ്ധതി ഉദ്ഘാടനം 28-ന്

Posted on: October 26, 2013

malabar-goldമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സും കേരള സാമൂഹിക സുരക്ഷാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന ജീവകാരുണ്യ പദ്ധതി പ്രത്യാശയുടെ ഉദ്ഘാടനം 28-ന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മസ്‌കറ്റ് ഹോട്ടലിൽ രാവിലെ ഒൻപതിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും.

സാമ്പത്തിക ക്ലേശം മൂലം പെൺമക്കളുടെ വിവാഹം നടത്താൻ വിഷമിക്കുന്ന 2,000 കുടുംബങ്ങൾക്കു ധനസഹായം, രോഗനിർണയത്തിനു ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മൊബൈൽ ക്ലിനിക്കുകൾ തുടങ്ങിയവയാണു പദ്ധതിയിലൂടെ നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിഡൻഷൽ അസോസിയേഷനുകൾ എന്നിവയുമായി സഹകരിച്ചു മൊബൈൽ ക്ലിനിക്കുകൾ സൗജന്യ സേവനത്തിനു ലഭ്യമാക്കും.

ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിക്കും. വിവാഹസഹായ പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിക്കും. മൊബൈൽ ക്ലിനിക് പദ്ധതി പ്രഖ്യാപനം മന്ത്രി വി.എസ്. ശിവകുമാർ നിർവഹിക്കും. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് റിപ്പോർട്ട് അവതരിപ്പിക്കും. കോ- ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.കെ. നിഷാദ്, സാമൂഹികനീതി വകുപ്പ് ഡയറക്ടർ വി.എൻ. ജിതേന്ദ്രൻ, കെ. മുരളീധരൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.