കേരള ബാംബു ഫെസ്റ്റ് കൊച്ചിയില്‍ നാളെ തുടക്കം

Posted on: November 26, 2022

കൊച്ചി : വ്യവസായ- വാണിജ്യവകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷന്‍ സംഘടിപ്പിക്കുന്ന 19-ാമത് കേരള ബാംബൂ ഫെസ്റ്റ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം മൈതാനത്തില്‍ 27 ന് ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് നിയമ വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി, രാജീവ് ഉ
ദ്ഘാടനം നിര്‍വഹിക്കും. ഡിസംബര്‍ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും പങ്കെടുക്കും.

നാളെ വൈകുന്നേരം 6 മുതല്‍ 9 മണി വരെയും ഫെസ്റ്റ് ദിവസങ്ങളായ 28 മുതല്‍ ഡിസംബര്‍ 4 വരെ 11 മുതല്‍ രാത്രി 9 മണി വരെയുമാണ് പ്രവേശന സമയം. പ്രവേശനം സൗജന്യം. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 300ഓളം കരകൗശല പ്രവര്‍ത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

സംസ്ഥാന ബാംബൂ മിഷന്‍ മുഖേന സംഘടിപ്പിക്കുന്ന ഡിസൈന്‍ വര്‍ക്ക് ഷോപ്പിലും പരിശീലന പരിപാടികളിലും രൂപകല്പ്പന ചെയ്ത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക ബാംബൂ ഗ്യാലറി ഉണ്ടാകും. വൈകുന്നേരം മുള വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള കലാ- സാംസ്‌കാരിക പരിപാടികള്‍ നടത്തും. മുളയരി, മുള കൂമ്പ് എന്നിവയില്‍ നിര്‍മിച്ച വിവിധ ഭക്ഷ്യ ഉത്പന്നങ്ങളുടെ സ്റ്റാളുകളും മുളനഴ്‌സറികളും കുടുംബശ്രീ ഫുഡ് കോര്‍ട്ടും ഉണ്ടാകും.

ഉദ്ഘാടന ചടങ്ങില്‍ ഉമ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം പി വിശിഷ്ടാതിഥിയാകും. മേയര്‍അഡ്വ. എം. അനില്‍ കുമാര്‍ പ്രത്യേക പ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ സുമന്‍ ബില്ല, മുഹമ്മദ് ഹനീഷ്, നാഷണല്‍ ബാംബൂ മിഷന്‍ ഡയറക്റ്റര്‍ ഡോ. പ്രഭാത് കുമാര്‍, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ. മോഹനന്‍, കേരള വനം ഗവേഷണ കേന്ദ്രം ഡയറക്റ്റര്‍ ഡോ. ശ്യാം വിശ്വനാഥ്, കെബിപ്പ് കേരള സംസ്ഥാന ബാംബു മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്. സൂരജ്, കൗണ്‍സിലര്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനെജര്‍ പി.എ. നജീബ്എന്നിവര്‍ പങ്കെടുക്കും.