മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പ ആസ്തി 57230 കോടി രൂപയായി ഉയര്‍ന്നു

Posted on: November 11, 2022

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ വായ്പ ആസ്തി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30-ന് അവസാനിച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ 57230 കോടി രൂപയായി ഉയര്‍ന്നു.

മുന്‍വര്‍ഷമിതേ കാലയളവിലെ 55147 കോടി രൂപയേക്കാള്‍ നാലു ശതമാനം കൂടുതലാണിത്. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സംയോജിത വായ്പാ ആസ്തി ആറു ശതമാനം വളര്‍ച്ചയോടെ 64356 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവില്‍ 60919 കോടി രൂപയായിരുന്നു. സംയോജിത അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 1981 കോടി രൂപയില്‍നിന്ന് 1727 കോടി രൂപയായി കുറഞ്ഞു.

എന്നാല്‍ സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ അറ്റാദായം ആദ്യക്വാര്‍ട്ടറിലെ 825 കോടി രൂപയേക്കാള്‍ 9 ശതമാനം വര്‍ധനയോടെ 902 കോടി രൂപയിലെത്തി. ആദ്യപകുതിയിലെ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 1965 കോടി രൂപയില്‍നിന്ന് 1669 കോടി രൂപയായി കുറഞ്ഞു.

സ്വര്‍ണ വായ്പ മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം വളര്‍ച്ചയോടെ 56501 കോടി രൂപയിലെത്തിയതായി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പലിശ വര്‍ധനവുണ്ടായിട്ടും തങ്ങളുടെ കമ്പനിയുടെ വായ്പയുടെ ചെലവ് 7.98 ശതമാനത്തിലാണ്. ഈ സാഹചര്യത്തിലും 11-12 ശതമാനം നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ നേടാനാവുമെന്നു അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഗോള്‍ഡ് ലോണ്‍ അറ്റ് ഹോം സേവനത്തിലൂടെ ഡിജിറ്റലൈസേഷന്‍ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബറിലവസാനിച്ച ക്വാര്‍ട്ടറില്‍ കമ്പനി 24 ശാഖകള്‍ കൂടി തുറന്നതായി ജോര്‍ജ് അലക്‌സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

TAGS: Muthoot Finance |