യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓണസമ്മാനമൊരുക്കി കൊച്ചി മെട്രോ

Posted on: September 10, 2022

 

കൊച്ചി : യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും  ഓണസമ്മാനമൊരുക്കി കൊച്ചി മെട്രോ. വ്യാപാരസ്ഥാപനങ്ങളിലെ ഇളവുകള്‍ക്കുപുറമെ പൂക്കളമത്സരത്തിലൂടെ 2000 മുതല്‍ 5000 രൂപവരെ സമ്മാനവും സൗജന്യയാത്രയുമാണ് മെട്രോ ഒരുക്കുന്നത്.

ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ 14നാണ് പൂക്കളമത്സരം. തിങ്കളാഴ്ചവരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് 5000, 3000, 2000 രൂപവീതവും മെട്രോയില്‍ 15 ദിവസത്തേക്ക് സൗജന്യ യാത്രയ്ക്കുള്ള ടിക്കറ്റും സമ്മാനമായി ലഭിക്കും. ഒരുടീമില്‍ അഞ്ചുമുതല്‍ എട്ട് അംഗങ്ങളെ അനുവദിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും 1000 രൂപവീതം നല്‍കും. ഇതുകൂടാതെ ഡിജിറ്റല്‍ പൂക്കളമത്സരവും സംഘടിപ്പിക്കും. മികച്ച മൂന്നു പൂക്കള ഡിസൈനുകള്‍ക്ക് 5000, 3000, 2000 രൂപവീതം സമ്മാനം ലഭിക്കും. 25 വരെ ഡിസൈനുകളയക്കാം. കൂ ടുതല്‍ വിവരങ്ങള്‍ക്ക് മെട്രോയുടെ വെബസൈറ്റ് സന്ദര്‍ശിക്കണം.

മെട്രോ സ്റ്റേഷനുകളിലെ വ്യാപാരസ്ഥാപനങ്ങളും സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കലൂര്‍ സ്റ്റേഷ്നിലെ ശ്രീനി ഫാംസില്‍നിന്ന് 300 രൂപയ്ക്കുമുകളില്‍ ഉത്പ്പന്നം വാങ്ങുന്നവര്‍ക്കും കടവന്ത്ര സ്റ്റേഷനിലെ വാന്‍സന്‍ ഷോറൂമില്‍ നിന്ന് 999 രൂപയ്ക്കുമുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും 10 ശതമാനം ഇളവ് ലഭിക്കും.

ഇടപ്പള്ളിയിലെ മിറര്‍ മാജിക് സലുണില്‍ എല്ലാ സേവനങ്ങള്‍ക്കും നിള ഹോട്ടലില്‍ 100 രൂപയ്ക്കുമുകളിലുള്ള ബില്ലുകള്‍ക്കും 10 ശതമാനം ഇളവ് ഏര്‍പ്പെടുത്തി. എളംകുളം സ്റ്റേഷനിലെ ആതിര സ്റ്റോറില്‍നിന്നും ഔഷധി സ്റ്റോറില്‍നിന്നും 100 മുതല്‍ 1000 രൂപവരെ സാധനങ്ങള്‍ വാങ്ങിയാല്‍ 10 ശതമാനം ഇളവും 1000 രൂപയ്ക്കുമുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ ആലുവമുതല്‍ പേട്ടവരെ ഇരുവശത്തേക്കും ഒരു ടിക്കറ്റും സൗജന്യമായി ലഭിക്കും.

എംജി റോഡ്, പാലാരിവട്ടം സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ ലോക്കോയില്‍ 10 ശതമാനം ഇളവുണ്ട്. ഒമ്പത്, 10, 11 തീയതികളില്‍ മെട്രോയില്‍ യാത്ര ചെയ്തതിന്റെ ടിക്കറ്റുകള്‍ കാണിച്ച് ഈ സ്ഥാപനങ്ങളില്‍നിന്ന് ഇളവുകള്‍ നേടാം.

 

TAGS: Kochi Metro |