ബോൾട്ട് കേരള വിപണിയിൽ

Posted on: February 2, 2015

Tata-Bolt-kerala-launch-big

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ സ്‌പോർട്ടി ഹാച്ച്ബാക്ക് -ബോൾട്ട് കേരളത്തിൽ അവതരിപ്പിച്ചു. ഹൊറൈസൺ നെക്‌സ്റ്റ് തീമിനുകീഴിൽ രൂപകൽപ്പനയിലും ഡ്രൈവിംഗ് സൗകര്യത്തിലും കണക്ടിവിറ്റിയിലും മുൻപന്തിയിലാണ്. 4.62 ലക്ഷം രൂപയാണ് ബോൾട്ടിന്റെ റെവോട്രോൺ (പെട്രോൾ) 1.2 ടി മോഡലിന് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില. ഡീസൽ മോഡലിന് വില 5.71 ലക്ഷം രൂപ.

മികച്ച കാറുകൾ ഉപയോക്താക്കൾക്കു നല്കണമെന്ന ലക്ഷ്യത്തോടെയാണ് സ്‌പോർട്ടി ഹാച്ച്ബാക്ക് വിഭാഗത്തിൽ ബോൾട്ട് കാർ വിപണിയിലിറക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീഖ് പറഞ്ഞു.

ബോൾട്ടിന് ഒപ്പം ഒട്ടേറെ പുതിയ സേവനപരിപാടികളും ടാറ്റാ അവതരിപ്പിക്കുന്നുണ്ട്. മൂന്നുവർഷം വരെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വാറന്റി, മൂന്നുവർഷംവരെ 24×7 റോഡ്‌സൈഡ് അസിസ്റ്റൻസ് സർവീസ് എന്നിവ ബോൾട്ടിനൊപ്പം ഉപയോക്താക്കൾക്ക് ലഭിക്കും. ആദ്യത്തെ മൂന്നു സർവീസുകൾ (30,000 കിലോമീറ്റർ വരെ അല്ലെങ്കിൽ രണ്ടു വർഷം) സൗജന്യമായിരിക്കും. ഉത്പന്നത്തിന് വിശ്വാസ്യത ഉറപ്പാക്കാനും ഉടമയുടെ ചെലവ് കുറയ്ക്കാനും മികച്ച റീസെയ്ൽ വില ലഭിക്കാനും ഇതുവഴി കഴിയും.

ഇന്ത്യയിലെ ആദ്യത്തെ 1.2 ലിറ്റർ ടർബോചാർജ്ഡ് മൾട്ടിപോയിന്റ് ഫ്യൂവൽ ഇൻജക്ഷൻ പെട്രോൾ എൻജിൻ – റെവോട്രോൺ 1.2ടി, മികച്ച പവർ എന്നിവയുള്ള ആദ്യത്തെ ഹാച്ച് ബായ്ക്ക് വാഹനമാണ് ബോൾട്ട്. 90 പിഎസിൽ 5000 ആർപിഎമ്മും 1500-4000 ആർപിഎമ്മിൽ 140 എൻഎം പീക്ക് ടോർക്കും ലഭിക്കും.

ഡീസൽ വേരിയന്റിൽ ശക്തിയേറിയ ക്വാഡ്രാജെറ്റ് 1.3 ലിറ്റർ എൻജിനാണ്. 75 പിഎസിൽ 4000 ആർപിഎമ്മും, 1750-3000 ആർപിഎമ്മിൽ 190 എൻഎം ടോർക്കും ലഭ്യമാക്കും. ബോൾട്ടിലെ പെട്രോൾ, ഡീസൽ പവർട്രെയിനുകൾ ബിഎസ് IV അനുഗുണമാണ്.

ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എആർഎഐ) സർട്ടിഫിക്കേഷൻ അനുസരിച്ച് പരീക്ഷണ സാഹചര്യങ്ങളിൽ റെവോട്രോൺ 1.2 ടി ക്ക് ലിറ്ററിന് 17.57 കിലോമീറ്ററും ഡീസൽ എൻജിന് ലിറ്ററിന് 22.95 കിലോമീറ്ററും മൈലേജ് ലഭിക്കും.

ബോൾട്ടിലെ റെവോട്രോൺ 1.2 ടി എൻജിനിലൂടെ മൾട്ടിഡ്രൈവ് മോഡുകൾ ഇന്ത്യയിൽ ആദ്യമായി ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുകയാണ്. മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഒത്തുചേരുന്നതാണ് റെവോട്രോൺ 1.2 ടി എൻജിൻ. മൾട്ടിഡ്രൈവ് സാങ്കേതികവിദ്യയിലൂടെ സ്‌പോർട്ട്, ഇക്കോ, സിറ്റി മോഡ് എന്നിവയിൽ മികച്ച ത്രോട്ടിൽ പ്രകടനം ലഭ്യമാക്കാൻ സാധിക്കും.

അപ്‌ഗ്രേഡ് ചെയ്ത ഡീലർഷിപ്പുകളിൽ ബോൾട്ടിനായി 1200 പുതിയ സെയിൽസ് ഫോഴ്‌സിനെയും ബോൾട്ട് ഉപയോക്താക്കൾക്ക് ഉപദേശവും നിർദ്ദേശവും നല്കുന്നതിനായി ബോൾട്ട് ഫോഴ്‌സ് എന്ന പേരിൽ 1000 ജീവനക്കാരെയും പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്.