കെ എം എ ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ സമാപിച്ചു

Posted on: January 16, 2015

KMA-national-convention-Val

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിന് വൻതോതിൽ മുതൽമുടക്ക് അനിവാര്യമാണെന്നും ഉത്പാദനക്ഷമത ഗണ്യമായി വർധിപ്പിക്കണമെന്നും നിക്ഷേപസൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്നുമുള്ള ആഹ്വാനത്തോടെ കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മുപ്പത്തിനാലാം ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ കൊച്ചിയിൽ സമാപിച്ചു.

അനേകം സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യയെന്നും എന്നാൽ സാധ്യതകൾ കണ്ടെത്തുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും നമ്മൾ പരാജയപ്പെട്ടെന്നും പെട്രോനെറ്റ് എൽ എൻ ജി എം ഡിയും സി ഇ ഒയുമായ എ.കെ.ബല്യൻ പറഞ്ഞു. കെ എം എ ദേശീയ വാർഷിക സമ്മേളനത്തിൽ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പല മേഖലകളിലും ഇന്ത്യ ബഹുദൂരം മുന്നേറിയിട്ടുണ്ട്. സേവന മേഖലയിൽ വൻ കുതിച്ച് ചാട്ടം തന്നെ ഇന്ത്യ നടത്തിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, പരിതാപകരമായ റോഡ് കണക്റ്റിവിറ്റി, മനുഷ്യ വിഭവശേഷിയുടെ കുറവ് എന്നിവ ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നങ്ങളാണെന്ന് ബല്യൻ ചൂണ്ടിക്കാട്ടി.

പ്രസാദ് പണിക്കർ സ്വാഗതം പറഞ്ഞു. ടാറ്റ സ്റ്റീൽ മുൻ എം ഡി എച്ച് എം നെരൂർക്കാർ മുഖ്യാതിഥിയായിരുന്നു. രാജഗിരി ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി ആശംസ അർപ്പിച്ചു. ഏൺസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് നായർസമ്മേളനത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വിശദീകരിച്ചു. മാത്യു ജോസ് ഉറുമ്പത്ത് നന്ദി പറഞ്ഞു.

ബ്രാൻഡിംഗ് ദി ന്യൂ ഇന്ത്യ പാനൽ ചർച്ചയിൽ മോബ് മി സി ഇ ഓ സഞ്ജയ് വിജയകുമാർ, ത്രീ തെർട്ടി ഫിഫ്ത് സ്ഥാപക പൂർണിമ വർധൻ, അഗ്രതാം ഇന്ത്യ സ്ഥാപകൻ അക്ഷയ് വർമ തുടങ്ങിയവർ പങ്കെടുത്തു.