വെല്ലുവിളികൾ മുൻകൂട്ടി മനസിലാക്കാൻ കഴിയണം: പീറ്റർ ലാസർ

Posted on: January 15, 2015

KMA-Peter-Laser-big

കൊച്ചി : ബിസിനസിലെ വെല്ലുവിളികളും അപകടങ്ങളും മുൻകൂട്ടി മനസിലാക്കാൻ കഴിയണമെന്ന് ഇക ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡഡ് എം ഡി പീറ്റർ ലാസർ. ബിസിനസിന്റെ ഭാവി പ്രവചിക്കാൻ ആർക്കും കഴിയില്ല. എന്നാൽ കാര്യങ്ങൾ മുൻകൂട്ടി അറിയാൻ കഴിയുന്നവനും ഏത് നിമിഷവും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ കരുതിയിരിക്കുന്നവർക്കും മാത്രമേ ബിസിനസിൽ വിജയം നേടാൻ കഴിയു. ചെയ്തത് തെറ്റാണെന്ന് ബോധ്യമായാൽ തിരുത്താൻ മടി കാണിക്കരുതെന്നും പീറ്റർ ഓർമിപ്പിച്ചു.

കെ എം എ വാർഷിക ദേശീയ കൺവൻഷനിൽ മാറുന്ന ബിസിനസ് മാതൃകകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ ചിന്തിച്ചാൽ മാത്രം പോരാ പ്രവർത്തിക്കാൻ കൂടി കഴിയണം. ഇലക്‌ട്രോണിക് ആശയവിനിമയത്തെ വിലകുറച്ച് കാണുകയോ അമിത പ്രതീക്ഷ പുലർത്തുകയൊ ചെയ്യരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പലപ്പോഴും ഒരു ഹസ്തദാനം ഇ മെയിലിനെക്കാൾ പ്രയോജനം ചെയ്യുമെന്നും പീറ്റർ ലാസർ ചൂണ്ടിക്കാട്ടി.

ഇന്റർനെറ്റിന്റെ കണ്ടുപിടുത്തമാണ് രാജ്യത്ത് ദൂരവ്യാപകമായ മാറ്റം ഉണ്ടാക്കിയതെന്ന് യോഗനാദ് ആൻഡ് റാം ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് സഹ സ്ഥാപകനും പാർട്ട്ണറുമായ എം.വി പട്ടാഭിരാമൻ പറഞ്ഞു. പണം നേരിട്ട് കൈകാര്യം ചെയ്യാത്ത സമൂഹത്തെ കൈകാര്യം ചെയ്യുന്നതായിരിക്കും നാളെയുടെ ബിസിനസ്. മൊബൈലിൽ കൂടി പണം കൈമാറ്റം ചെയ്യാവുന്ന സമ്പ്രദായം വ്യാപകമാകുന്നത് ബിസിനസിൽ പുത്തനുണർവുണ്ടാക്കും. ഇന്ത്യയിൽ വിരമിക്കൽ പ്രായം വളരെ നേരത്തെയാണ്. അത് കൊണ്ട് തന്നെ ജനങ്ങളുടെ വരുമാനത്തിന് സർക്കാർ തന്നെ നികുതി അടക്കണമെന്നും പട്ടാഭിറാം ആവശ്യപ്പെട്ടു. ശരാശരി 30 വയസു മുതൽ 70 വയസ് വരെ നികുതി അടയ്ക്കുന്ന ഒരാൾക്ക് 70 വയസിനു ശേഷം നികുതിയുടെ 5 ശതമാനമെങ്കിലും സർക്കാർ തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീമെൻസ് മലേഷ്യ പ്രസിഡന്റും സി ഇ ഒയുമായ പ്രകാശ് ചന്ദ്രൻ സംസാരിച്ചു.

ആഗോള മാനേജരുടെ ഉദയം എന്ന സെഷനിൽ ശ്രീലങ്കൻ ദേശീയ വികസന ബാങ്ക് ഡയറക്ടറും സി ഇ ഒയുമായ രാജേന്ദ്ര ത്യേഗരാജ, സൗത്ത് ഇന്ത്യ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. വി എ ജോസഫ്, മുരുഗപ്പ ഗ്രൂപ്പ് മുൻ ഡയറക്ടർ ശ്രീധർ ഗണേഷ് എന്നിവർ സംസാരിച്ചു.