സൊമാറ്റോ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു

Posted on: April 29, 2021

ന്യൂഡൽഹി : ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്റ്റാര്‍ട്ട്അപ്പായ സൊമാറ്റോ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ.) യ്ക്കായുള്ള കരടുരേഖ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബിക്ക് സമര്‍പ്പിച്ചു. ഓഹരി വില്പനയിലൂടെ 8,250 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഇതില്‍ 7,500 കോടി രൂപയും അധിക മൂലധനമായി കമ്പനിയിലെത്തും. ശേഷിച്ച 750 കോടി രൂപ ഇന്‍ഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരികള്‍ വില്‍ക്കുന്നതാണ്.

സ്വന്തം നിലയിലുള്ള വികസന പദ്ധതികള്‍ക്കു പുറമെ, ഏറ്റെടുക്കലുകള്‍ക്കു കൂടി ഐ.പി.ഒ. തുക വിനിയോഗിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് വന്‍തോതില്‍ വളര്‍ന്ന ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ വിപണിയില്‍ സൊമാറ്റോയുടെ എതിരാളി സ്വിഗ്ഗിയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം രണ്ടു മടങ്ങ് ഉയര്‍ന്ന് 2,960 കോടി രൂപയിലെത്തിയിരുന്നു. അതേസമയം, നഷ്ടം 2,200 കോടി രൂപയും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ടൈഗര്‍ ഗ്ലോബലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരില്‍നിന്ന് 1,800 കോടി രൂപ സമാഹരിച്ചിരുന്നു. ഏതാണ്ട് 38,900 കോടി രൂപ മൂല്യം കല്‍പ്പിച്ചായിരുന്നു ഇടപാട്. ദീപേന്ദര്‍ ഗോയലിന്റെ നേതൃത്വത്തില്‍ 2008-ലാണ് സൊമാറ്റോയ്ക്ക് തുടക്കമായത്.

ഓണ്‍ലൈന്‍ തൊഴില്‍ അന്വേഷണ പോര്‍ട്ടലായ ‘നൗകരി’യുടെ ഉടമകളായ ‘ഇന്‍ഫോ എഡ്ജി’ന് 18.6 ശതമാനം ഓഹരിയുണ്ട്. 2020 ജനുവരിയില്‍ ‘ഊബര്‍ ഈറ്റ്സി’ന്റെ ഇന്ത്യന്‍ ബിസിനസിനെ സൊമാറ്റോ ഏറ്റെടുത്തിരുന്നു. ഇതോടെ, ഊബറിന് സൊമാറ്റോയില്‍ 10 ശതമാനത്തിനടുത്ത് പങ്കാളിത്തമായി.

 

TAGS: Zomato |