കെ എം എ ദേശീയ മാനേജ്‌മെന്റ് കൺവൻഷന് തുടക്കമായി

Posted on: January 15, 2015

KMA-National-Convention-Ina

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) മുപ്പത്തിനാലാമത് വാർഷിക ദേശീയ മാനേജ്‌മെന്റ് കൺവൻഷന് കൊച്ചി ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ തുടക്കമായി. ‘India 2.0 Opportunities’ എന്നതാണ് ഇത്തവണ സമ്മേളനത്തിന്റെ മുഖ്യ വിഷയം.

ബിസിനസ് സ്റ്റാൻഡേർഡ് ചെയർമാനും എഡിറ്റോറിയൽ ഡയറക്ടറുമായ ടി എൻ നൈനാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പരിഷ്‌കരണത്തിലൂടെയും നവീകരണത്തിലൂടെയും മാത്രമേ വളർച്ച കൈവരിക്കാൻ കഴിയൂയെന്ന്  ടി എൻ നൈനാൻ പറഞ്ഞു. കെ എം എ ദേശീയ മാനേജ്‌മെന്റ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉത്പാദനം വർധിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് മേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുകയും ഡിജിറ്റലൈസേഷൻ നടപ്പാക്കുകയും ചെയ്താൽ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാൻ കഴിയൂ. കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുമ്പോഴാണ് കൂടുതൽ സാധ്യതകൾ തുറന്നുവരിക. സമ്പൂർണ ഡിജിറ്റലൈസെഷൻ നടപ്പാക്കുന്നത് നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം കുറയ്ക്കും. സമയവും ഊർജവും ലാഭിക്കാൻ കഴിയും.

മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും കാര്യക്ഷമമായ അടിസ്ഥാന സൗകര്യ വികസനവുമാണ് ഇന്ത്യക്ക് ആവശ്യം. ക്ലീൻ ഇന്ത്യ കാമ്പയിൻ രാജ്യത്തിന് പുതിയ മുഖം സമ്മാനിച്ചു. ചൈന 1978 ൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ ആരംഭിച്ചു. ഇന്ത്യ 1991 ൽ ആരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങൾ പത്ത് വർഷം മുൻപേ ആരംഭിക്കേണ്ടിയിരുന്നു. ലോകോത്തര നിലവാരമുള്ള ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും താങ്ങാനാവുന്ന ചെലവിൽ നൽകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

കെ എം എ പ്രസിഡന്റ് പി പ്രേംചന്ദ് അധ്യക്ഷത വഹിച്ചു. ഹാരിഷ് ബിജൂർ , സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ വി ജി മാത്യൂ, പ്രസാദ് കെ പണിക്കർ, കെ എൻ ശാസ്ത്രി, ജോസഫ് കോര, വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ പ്രഭാഷണം നടത്തി.

മാറുന്ന ബിസിനസ് മോഡലുകൾ, ആഗോള മാനേജറുടെ ഉദയം, പുതിയ ഇന്ത്യയുടെ ബ്രാൻഡിംഗ് എന്നീ മൂന്നു വിഷയങ്ങളിൽ ഇന്ന് പ്രത്യേക സെഷനുകൾ നടക്കും. രാവിലെ 9.30 ന് നടക്കുന്ന ചെയ്ഞ്ചിംഗ് ബിസിനസ് മോഡൽസ് സാങ്കേതിക സെഷനിൽ സീമെൻസ് മലേഷ്യ പ്രസിഡന്റും സി ഇ ഒയുമായ പ്രകാശ് ചന്ദ്രൻ, ഇക ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ് എം ഡി പീറ്റർ ലാസർ, യോഗനാദ് ആൻഡ് റാം സഹസ്ഥാപകനും പാർട്ണറുമായ വി പട്ടാഭി റാം സിഎ എന്നിവർ സംസാരിക്കും.

തുടർന്ന് എമർജൻസ് ഓഫ് ദ ഗ്ലോബൽ മാനേജർ എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ ഇ ആൻഡ് വൈ പീപ്പിൾ ആൻഡ് ചെയ്ഞ്ച് കൺസൾട്ടിംഗ് പ്രാക്ടീസ് ഇന്ത്യ ദേശീയ മേധാവി രാജീവ് കൃഷ്ണൻ, മുരുഗപ്പ ഗ്രൂപ്പ് എച്ച് ആർ വിഭാഗം മുൻ മേധാവി ശ്രീധർ ഗണേഷ്, ശ്രീലങ്ക ദേശീയ വികസന ബാങ്ക് ഡയറക്ടറും സി ഇ ഒയുമായ രാജേന്ദ്ര തേഗരാജ എന്നിവർ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് 2 മുതൽ 3 വരെ നടക്കുന്ന പ്രത്യേക സെഷനിൽ ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കാമത്ത് സംസാരിക്കും. 3 ന് ബ്രാണ്ടിംഗ് ദി ന്യൂ ഇന്ത്യ പാനൽ ചർച്ചയിൽ ഏണസ്റ്റ് ആൻഡ് യംഗ് പാർട്ട്ണർ എബ്രഹാം കുരുവിള മോഡറേറ്ററാകും. മോബ് മീ വയർലെസ് ഡോട്ട് കോം സി ഇ ഒ സഞ്ജയ് വിജയകുമാർ, 335 ത്ത് സ്ഥാപക പൂർണിമ വർധൻ, അഗ്രതാം ഇന്ത്യ സ്ഥാപകനും ഡയറക്ടറുമായ അക്ഷയ് വർമ എന്നിവർ പങ്കെടുക്കും.

വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ടാറ്റാ സ്റ്റീൽ മുൻ എം ഡിയും എ ഐ എം എ പ്രസിഡന്റുമായ എച്ച് എം നെരുർകാർ വിശിഷ്ടാതിഥികയാകും. പെട്രോനെറ്റ് എൽ എൻ ജി മാനേജിംഗ് ഡയറക്ടർ എ കെ ബില്യൻ സമാപന പ്രസംഗം നടത്തും. കെ എം എ പ്രസിഡന്റ് പി പ്രേംചന്ദ്, കൺവൻഷൻ കമ്മിറ്റി ചെയർമാൻ പ്രസാദ് കെ പണിക്കർ, രാജഗിരി ഹോസ്പിറ്റൽ എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, മാത്യു ജോസ് ഉറുമ്പത്ത്. ഐ ബി എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ വി കെ മാത്യൂസ് എന്നിവർ സംസാരിക്കും.