ടി.സി.എസ്. ഡിജിറ്റല്‍ ഹബ്ബ് : ധാരണാപത്രം ഒപ്പിട്ടു

Posted on: February 19, 2021

കഴക്കൂട്ടം: പള്ളിപ്പുറത്തെ ടെക്നോസിറ്റിയില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) 1500 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഐ.ടി.-ഡിജിറ്റല്‍ ഹബ്ബ് സംബന്ധിച്ച ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ടി.സി.എസ്. വൈസ് പ്രസിഡന്റ് ദിനേഷ് തമ്പിയും ടെക്നോപാര്‍ക്ക് സി.ഇ.ഒ. ശശി പിലാച്ചേരി മീത്തലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഐ.ടി. വകുപ്പ് സെക്രട്ടറി മുഹമ്മദ് വൈ.സഫറുള്ള, ടി.സി.എസ്. എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്‍.ജി.സുബ്രഹ്മണ്യം, എം.മാധവന്‍ നമ്പ്യാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ആദ്യഘട്ടത്തില്‍ 5000 പേര്‍ക്കും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 20000 പേര്‍ക്കും തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടം 28 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എയ്റോസ്പെയ്സ്, പ്രതിരോധം, നിര്‍മാണം എന്നീ മേഖലകള്‍ക്ക് പുതിയ സാങ്കേതികവിദ്യകള്‍ നല്കുന്ന പദ്ധതിയാണിത്.

റോേബാട്ടിക്സ്, നിര്‍മിതബുദ്ധി, മെഷീന്‍ ലേണിംഗ്, ഡേറ്റ അനലറ്റിക്സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയിലൂന്നി ഉത്പന്നങ്ങളുടെ വികസനവും ബന്ധപ്പെട്ട സേവനവുമാണ് ഇതില്‍ പ്രധാനം. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി ഇന്‍ക്യുബേറ്റര്‍ സെന്റര്‍ സ്ഥാപിക്കാനും ടി.സി.എസ്. ലക്ഷ്യമിടുന്നു.

 

TAGS: TCS |