ഉത്പാദനമേഖലയിൽ കേരളം പിന്നിലെന്ന് ഡോ. ജീമോൾ ഉണ്ണി

Posted on: January 4, 2015

KMA-MKK-Lecture-2015--big

സർക്കാർ തലത്തിലുള്ള വികസന പ്രവർത്തനങ്ങളും പുനർവിതരണവും മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്നും എന്നാൽ പ്രാഥമിക വളർച്ചയിലും സ്വകാര്യ സംരംഭകത്വത്തിലൂടെയുമുള്ള വികസനമാണ് ഗുജറാത്ത് പിന്തുടരുന്നതെന്നും ഇൻസ്റ്റിട്ട്യൂട്ട് ഓഫ് റൂറൽ മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ജീമോൾ ഉണ്ണി. ഗുജറാത്തും കേരളവും ; വികസനത്തിന്റെയും വളർച്ചയുടെയും കേന്ദ്രീകരണം എന്ന വിഷയത്തിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) കൊച്ചിയിൽ സംഘടിപ്പിച്ച അഞ്ചാമത് എം കെ കെ നായർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവർ.

കേരളത്തിന്റെയും ഗുജറാത്തിന്റെയും വികസനത്തിലും വളർച്ചയിലും പ്രത്യക്ഷത്തിൽ തന്നെ വ്യത്യാസങ്ങൾ ഉണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ആസ്തികൾ 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയാണ് ഗുജറാത്തിൽ ആഭ്യന്തര വരുമാനത്തിനുള്ള മാർഗം പ്രധാനമായും കണ്ടെത്തുന്നത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കൂടുതലായും ഇവിടെ നടപ്പാക്കുന്നതെന്ന് ജീമോൾ ഉണ്ണി ചൂണ്ടിക്കാട്ടി.

എന്നാൽ കേരളത്തിലാകട്ടെ, ഉത്പാദന മേഖലയിൽ എടുത്തു പറയാൻ കഴിയുന്ന ഒറ്റ സ്ഥാപനം പോലുമില്ല. സേവന മേഖലകളായ ടൂറിസം, വിദ്യാഭ്യാസ മേഖലകളാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ നയിക്കുന്നതെന്ന് ഡോ. ജീമോൾ പറഞ്ഞു.

കെ എം എ പ്രസിഡന്റ് പി.പ്രേംചന്ദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്‌മോഹൻ നായർ, കെ എം എ മുൻ പ്രസിഡന്റ് വി എൻ വേണുഗോപാൽ, ജോ. സെക്രട്ടറി സി എസ് ക്രത എന്നിവർ സംബന്ധിച്ചു.