ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിന് ഇല്ലെന്ന് ടൊയോട്ട

Posted on: September 16, 2020

മുംബൈ: ഉയര്‍ന്ന നികുതിബാധ്യതയാല്‍ വില്പന കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ സമീപഭാവിയില്‍ കൂടുതല്‍ നിക്ഷേപം നടത്തില്ലെന്ന് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട.

ഇന്ത്യയില്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും വളരെ ഉയര്‍ന്ന നികുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. ഇതുമൂലം ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് കാര്‍ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,14,081 വാഹനങ്ങളാണ് ടൊയോട്ട, ഇന്ത്യയില്‍ വിറ്റത്. 37 ശതമാനം ശേഷിമാത്രമാണ് ഇതിനായി വിനിയോഗിച്ചത്. കമ്പനിക്ക് വര്‍ഷം 3,10,000 വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷിയുണ്ട്. നിലവിലെ ശേഷി പൂര്‍ണമായി വിനിയോഗിച്ചാല്‍മാത്രമേ പുതിയ പ്ലാന്റിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. നിലവിലെ നികുതി നിരക്കുവെച്ച് ഇത് സമീപഭാവിയില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

TAGS: Toyota |