അൽ വർഖ 2-ൽ അസ്റ്റർ മെഡിക്കൽ സെന്റർ തുറന്നു

Posted on: December 23, 2014

ASTER-Medical-Inauguratioin

ദുബൈ: അൽ വർഖയിലെ വിശാലമായ റസിഡൻഷ്യൽ സമൂഹത്തിനു വേണ്ടി അൽ വർഖ 2-ൽ എല്ലാവിധ അടിസ്ഥാന ആരോഗ്യരക്ഷാ സംവിധാനങ്ങളും അടങ്ങുന്ന അസ്റ്റർ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. 7,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള മെഡിക്കൽ സെന്റർ അസ്‌വാഖ് സൂപ്പർമാർക്കറ്റിന്റെ എതിർവശത്താണ്.

സെന്ററിന്റെ ഉദ്ഘാടന കർമം ദുബൈ ഹെൽത്ത് അഥോറിട്ടി ഹെൽത്ത് റെഗുലേഷൻ ഡിപ്പാർട്ട്‌മെന്റിലെ ക്ലിനിക്കൽ ഗവർണൻസ് ഓഫീസ് അധ്യക്ഷ ഡോ. ലൈല മുഹമ്മദ് അൽ മർസൂഖി നിർവഹിച്ചു. അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ കോർപറേറ്റ് സ്ട്രാറ്റജീസ് ഡയറക്ടർ ഡോ. അലിഷാ മൂപ്പൻ, അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഡയറക്ടർ ടി.ജെ വിൽസൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

യു.എ.ഇയിലെ ഓരോ പ്രദേശത്തും ഗുണമേന്മയുള്ള ആരോഗ്യരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആശ്വാസജനകമായ അന്തരീക്ഷത്തിൽ രോഗികൾക്ക് വ്യക്തിപരമായ ശ്രദ്ധയും അനിതര സാധാരണമായ ശ്രദ്ധയും നൽകാൻ അസ്റ്റർ പ്രതിജ്ഞാ ബദ്ധമാണെന്ന് അലിഷാ മൂപ്പൻ പറഞ്ഞു.

ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ പന്ത്രണ്ട് വരെയും വൈകുന്നേരം അഞ്ച് മുതൽ 9.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ 11.30 വരെയും വൈകുന്നേരം രാത്രി 9.30 വരെയുമാണ് മെഡിക്കൽ സെന്ററിന്റെ പ്രവർത്തന സമയം. ജനറൽ മെഡിസിൻ, ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഡെർമറ്റോളജി, ഇ.എൻ.ടി, ഡെന്റിസ്ട്രി വിഭാഗങ്ങളും റേഡിയോളജി – ലബോറട്ടറി സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. രോഗികൾക്ക് എളുപ്പത്തിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ഫാർമസിയും സജ്ജമാക്കിയിട്ടുണ്ട്.

അൽ വർഖയിലെ അസ്റ്റർ മെഡിക്കൽ സെന്റർ ദുബൈയിൽ സ്ഥാപിതമാവുന്ന അസ്റ്റർ ഹോസ്പിറ്റലിന്റെ സാറ്റലൈറ്റ് സർവീസ് സെന്റർ ആയി പ്രവർത്തിക്കും. രോഗികളുടെ സൗകര്യത്തിനായി വിശാലമായ പാർക്കിംഗ് സൗകര്യവും കുട്ടികൾക്കായി പ്ലേ ഏരിയയും ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെയെല്ലാം അംഗീകാരം സെന്ററിനുണ്ട്.