കെ എം എ ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ ജനുവരി 14 ന്

Posted on: December 13, 2014

KMA-Logo-Release-Big

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) മുപ്പത്തിനാലാമത് വാർഷിക ദേശീയ മാനേജ്‌മെന്റ് കൺവൻഷൻ 2015 ജനുവരി 14, 15 തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. ‘India 2.0 Opportunities’ എന്നതാണ് ഇത്തവണ സമ്മേളനത്തിന്റെ മുഖ്യ വിഷയം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കമ്പനി എക്‌സിക്യൂട്ടീവുകളും പ്രഫഷണലുകളും വ്യവസായികളും മാനേജ്‌മെന്റ് വിദ്യാർഥികളുമടക്കം ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ പരിപാടി കേരളത്തിലെ ഏറ്റവും വലിയ മാനേജ്‌മെന്റ് സമ്മേളനമാണ്.

ജനുവരി 14 ന് വൈകുന്നേരം 6.30 ന് ഉദ്ഘാടന സമ്മേളനം നടക്കും. ബിസിനസ് സ്റ്റാൻഡേർഡ് ചെയർമാനും എഡിറ്റോറിയൽ ഡയറക്ടറുമായ ടി എൻ നൈനാൻ മുഖ്യപ്രഭാഷണം നടത്തും. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ വി ജി മാത്യൂ, ഹരിഷ് ബിജൂർ കൺസൾട്ടൻസ് സി ഇ ഒയും ബ്രാൻഡ് വിദഗ്ധനുമായ ഹരിഷ് ബിജൂർ എന്നിവർ വിശിഷ്ടാതിഥികളാകും.

പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ എ കെ ബല്യൻ, ഇക ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം ഡി പീറ്റർ ലാസർ, ഇ ആൻഡ് വൈ പീപ്പിൾ ആൻഡ് ചേഞ്ച് കൺസൾട്ടിംഗ് പ്രാക്ടീസ് ഇന്ത്യ ദേശീയ മേധാവി രാജീവ് കൃഷ്ണൻ, മുരുഗപ്പ ഗ്രൂപ്പ് എച്ച് ആർ വിഭാഗം മുൻ മേധാവി ശ്രീധർ ഗണേഷ്, ശ്രീലങ്ക ദേശീയ വികസന ബാങ്ക് ഡയറക്ടറും സി ഇ ഒയുമായ രാജേന്ദ്ര തേഗരാജ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.

ഉച്ചക്ക് 2 മണി മുതൽ 3 വരെ നടക്കുന്ന പ്രത്യേക സെഷനിൽ ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കാമത്ത് സംസാരിക്കും. പാനൽ ചർച്ചയിൽ ഏണസ്റ്റ് ആൻഡ് യങ്ങ് പാർട്ട്ണർ എബ്രഹാം കുരുവിള മോഡറേറ്ററാകും. മോബ് മീ വയർലെസ് സി ഇ ഒ സഞ്ജയ് വിജയകുമാർ, 335 ത്ത് സ്ഥാപക പൂർണിമ വർധൻ, അഗ്രതാം ഇന്ത്യ സ്ഥാപകനും ഡയറക്ടറുമായ അക്ഷയ് വർമ എന്നിവർ പങ്കെടുക്കും.

ജനുവരി 15 ന് വൈകുന്നേരം നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ ടാറ്റാ സ്റ്റീൽ മുൻ എം ഡിയും എ ഐ എം എ പ്രസിഡന്റുമായ എച്ച് എം നെരുർകാർ, ഐ ബി എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാനും സ്ഥാപകനുമായ വി കെ മാത്യൂസ് എന്നിവർ വിശിഷ്ടാതിഥികളാകും. 2015 ലെ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും. കെ എം എ കോർപറേറ്റ് എക്‌സലൻസ് അവാർഡുകളും കെ എം എ നാസ്‌കോം ഐ ടി അവാർഡുകളും സമാപന സമ്മേളനത്തിൽ സമ്മാനിക്കും.

അഞ്ചാമത് കെ എം എ കോർപറേറ്റ് എക്‌സലൻസ് അവാർഡ് മികച്ച ഇൻ ഹൗസ് മാഗസിൻ, നൂതന സാങ്കേതികത്വം, മികച്ച സി എസ് ആർ പദ്ധതി, നൂതനമായ എച്ച് ആർ പോളിസികൾ, മികച്ച ഹരിത സംരംഭം, എന്നീ അഞ്ചു മേഖലകളിൽ 2014 ൽ മികച്ച പ്രകടനം കാഴ്ച്ച വച്ച കോർപറേറ്റുകൾക്കാണ് നൽകുന്നത്. കെ എം എ നാസ്‌കോം ഐ ടി അവാർഡുകൾ എമേർജിംഗ് ഐ ടി സ്റ്റാർട്ടപ്പ്, ഐ ടി യൂസർ, ഐ ടി ലീഡർഷിപ്പ് (വ്യക്തിഗതം), ഐ ടി ഇന്നവേഷൻ, എന്നീ നാല് വിഭാഗങ്ങളിലാണ് നൽകുക.

കൺവൻഷൻ കമ്മിറ്റി ചെയർമാൻ പ്രസാദ് കെ പണിക്കർ, കൺവൻഷൻ കമ്മിറ്റി കോ ചെയർമാൻ മാത്യു ജോസ് ഉറുമ്പത്ത്, കെ എം എ ഓണററി സെക്രട്ടറി വിവേക് കൃഷ്ണ ഗോവിന്ദ്, കെ എം എ എക്‌സിക്യുട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കെ സി സിറിയക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.