ടാറ്റാ ഗ്രൂപ്പ് ടോപ്പ് മാനേജ്‌മെന്റില്‍ ബോണസ് കുറച്ചു

Posted on: May 26, 2020

മുംബൈ : കോവിഡ് പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിന് ചരിത്രത്തിലാദ്യമായി ഉന്നത നേതൃ നിരയില്‍ പ്രതിഫലം വെട്ടിക്കുറച്ച് ടാറ്റാ ഗ്രൂപ്പ് കമ്പനികള്‍. ടാറ്റ സണ്‍സ് ചെയര്‍മാന്റെയും ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍, സി.ഇ.ഒ. തലത്തിലുള്ളവരുടെയും വാര്‍ഷിക ബോണസ്സില്‍ ഒരു വിഹിതമാണ് കുറച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ ചെലവുചുരുക്കത്തിന്റെ ഭാഗമായാണ് നടപടി.

ഏകദേശം 20 ശതമാനത്തിനടുത്ത് കുറവു വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം, ജീവനക്കാരുടെ ശമ്പളം കുറച്ചിട്ടില്ല. ജീവനക്കാരില്‍ ആത്മവിശ്വാസം നിലനിര്‍ത്തി കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന ടിസിഎസ്  സിഇഒ രാജേഷ് ഗോപിനാഥന്റെ പ്രതിഫലം കുറയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹോട്ടല്‍സ് നേതൃനിരയിലുള്ളവരുടെ പ്രതിഫലത്തില്‍ ഒരു വിഹിതം കമ്പനിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ പവര്‍, ട്രെന്റ്, ടാറ്റാ ഇന്റര്‍നാഷണല്‍, ടാറ്റാ കാപിറ്റല്‍, വോള്‍ട്ടാസ് തുടങ്ങിയ കമ്പനികളില്‍ മാനേജിംഗ് ഡയറക്ടറുടെയും സിഇഒ മാരുടെയും ശമ്പളം കുറച്ചിട്ടുണ്ട്. പ്രധാനമായും ഈ വര്‍ഷത്തെ ബോണസ്സില്‍ ആണ് കുറവ്  വരുത്തിയിട്ടുള്ളത്.

TAGS: Tata Group |