ഡോ. ആസാദ് മൂപ്പനു ബാങ്കേഴ്‌സ് ക്ലബ് പുരസ്‌കാരം

Posted on: December 10, 2014

Dr.Azad-Moopan-big

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സിന്റെ ബിസിനസ് മാൻ ഓഫ് ദ ഇയർ 2014 അവാർഡിന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനെ തെരഞ്ഞെടുത്തു.

മികച്ച പ്രവർത്തനം കാഴ്ചവച്ച ബാങ്കുകൾക്കുള്ള സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സിന്റെ (കേരള) ബാങ്കിംഗ് എക്‌സലൻസ് അവാർഡുകൾ യൂകോ ബാങ്ക് (പൊതുമേഖല), ജമ്മു ആൻഡ് കാഷ്മീർ ബാങ്ക് (സ്വകാര്യ മേഖല), എച്ച്ഡിഎഫ്‌സി ബാങ്ക് (പുതുതലമുറ) എന്നിവ കരസ്ഥമാക്കി. രണ്ടാംസ്ഥാനത്തു പൊതുമേഖലയിൽ കാനറാ ബാങ്കും സ്വകാര്യമേഖലയിൽ കരൂർ വൈശ്യാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയും പുതുതലമുറ ബാങ്കുകളുടെ വിഭാഗത്തിൽ ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുമാണ്.

ബാങ്ക് ഓഫ് ബറോഡ (പൊതുമേഖല), ഐഎൻജി വൈശ്യാ ബാങ്ക് (സ്വകാര്യ മേഖല), ഇൻഡസ് ഇൻഡ് ബാങ്ക് (പുതുതലമുറ) എന്നിവ മൂന്നാം സ്ഥാനം നേടി. ഗ്രാമവികസനത്തിനു നൽകിയ സംഭാവന കണക്കിലെടുത്തു കേരള ഗ്രാമീൺ ബാങ്കിനെ മികച്ച റൂറൽ ബാങ്കായി തെരഞ്ഞെടുത്തതായും ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പൊതുമേഖലാ വിഭാഗത്തിൽ ഏറ്റവും മികച്ച ബാങ്ക് ശാഖയായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ കൊയിലാണ്ടി ശാഖ തെരഞ്ഞെടുക്കപ്പെട്ടു. എസ്ബിടി കാട്ടാക്കട രണ്ടാം സ്ഥാനത്തും സിൻഡിക്കേറ്റ് ബാങ്ക് കാക്കനാട് ശാഖ മൂന്നാം സ്ഥാനത്തുമാണ്. ഫെഡറൽ ബാങ്ക് അത്തോളി ശാഖയും സൗത്ത് ഇന്ത്യൻ ബാങ്ക് കരുവഞ്ചാൽ ശാഖയും സ്വകാര്യ മേഖലാ വിഭാഗത്തിൽ ഒന്നാം സ്ഥാനം പങ്കിട്ടു.

പുരസ്‌കാരങ്ങൾ 13 നു എറണാകുളം ഹോട്ടൽ താജ് ഗേറ്റ് വേയിൽ ചേരുന്ന ചടങ്ങിൽ വിതരണം ചെയ്യും. കേരള ഗവർണർ പി. സദാശിവം, ഫോറം മുഖ്യരക്ഷാധികാരിയും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എ. ജോസഫ്, റിസർവ് ബാങ്ക് കേരള-ലക്ഷദ്വീപ് റീജണൽ ഡയറക്ടർ നിർമൽ ചന്ദ്, എസ്ബിടി മാനേജിംഗ് ഡയറക്ടർ ജിവൻദാസ് നാരായൺ, ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടർ ശ്യാം ശ്രീനിവാസൻ, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടർ വി.ജി. മാത്യു, ശോഭാ ലിമിറ്റഡ് ചെയർമാൻ പി.എൻ. സി. മേനോൻ തുടങ്ങിയവർ സംബന്ധിക്കും.