ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: February 5, 2020

കൊച്ചി : സ്വന്തം മേഖലകളിൽ മികവുറ്റ പ്രകടനത്തിലൂടെ മാതൃക സൃഷ്ടിച്ച വനിതകളെ ആദരിക്കുന്നതിന് ഇസാഫ് കോഓപറേറ്റീവ് ഏർപ്പെടുത്തിയ സ്ത്രീ രത്ന ദേശീയ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25 വരെ നാമനിർദേശം സമർപ്പിക്കാം. പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു തോൽപ്പിച്ച് തൊഴിൽ രംഗത്തും സമൂഹത്തിലും സ്വന്തമായി ഒരിടം കണ്ടെത്തുകയും ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത വനിതകൾക്കാണ് പുരസ്‌ക്കാരം നൽകുന്നത്. അവാർഡ് ബ്രോഷർ ഇസാഫ് കോഓപറേറ്റീവ് ചെയർമാൻ മെറീന പോൾ പ്രകാശനം ചെയ്തു.

സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, സാമൂഹിക സേവനം, സുസ്ഥിര ഉപജീവനം, ലിംഗ സമത്വം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെയാണ് പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നത്. പുരസ്‌ക്കാരത്തിന് അർഹതയുള്ള വനിതകളെ മറ്റുള്ളവർക്കും നാമനിർദേശം ചെയ്യാം. വാർപ്പുമാതൃകകളെ പൊളിച്ചെഴുതി സമൂഹത്തിൽ മാറ്റത്തിന്റെ ചാലകശക്തികളായി വർത്തിക്കുന്ന സാധാരണക്കാരായ വനിതകൾക്കുള്ള അംഗീകാരമാണ് ഇസാഫ് സ്ത്രീ രത്ന പുരസ്‌ക്കാരം.

ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വനിതയായ രേഖാ കാർത്തികേയനാണ് കഴിഞ്ഞ വർഷം പ്രഥമ ഇസാഫ് സ്ത്രീ രത്‌ന പുരസ്‌ക്കാരം നേടിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. http://esafcooperative.in/home/award എന്ന ലിങ്കിൽ അപേക്ഷ ലഭിക്കും. മാർച്ച് ഒന്നിന് പുരസ്‌ക്കാര ജേതാവിനെ പ്രഖ്യാപിക്കും. മാർച്ച് 14ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9349008149.