കാന്‍സര്‍ പരിചരണത്തിലെ പുതിയ സാങ്കേതികവിദ്യ ; വാര്‍ഷിക സമ്മേളനം കൊച്ചിയില്‍

Posted on: November 8, 2019

കൊച്ചി: കാന്‍സര്‍ പരിചരണത്തിലെ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് വിവിധ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനം കൊച്ചിയില്‍. കൊച്ചിന്‍ കാന്‍സര്‍ സെന്ററും, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കാന്‍ക്വര്‍ 2019, നവംബര്‍ 8 മുതല്‍ 10വരെ കളമശ്ശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടക്കും.

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഒരു ഗവേഷണ കേന്ദ്രീകൃത കാന്‍സര്‍ സെന്ററാണ്. രോഗികള്‍ക്കായി എളുപ്പത്തില്‍ പ്രയോഗിക്കാന്‍ കഴിയുന്ന ഗവേഷണ പദ്ധതികള്‍ വികസിപ്പിക്കുന്നതിനാണ് മുന്‍ഗണന. സ്ഥാപനത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഒരു അവലോകനം കൂടിയായിരിക്കും ഈ സമ്മേളനമെന്നും സിസിആര്‍സി സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു

നാഷണല്‍ കാന്‍സര്‍ ഗ്രിഡ്, കേരള കാന്‍സര്‍ ഗ്രിഡ്, നാരായണ ഫൗണ്ടേഷന്‍, കൊച്ചിന്‍ ഓങ്കോളജി ഗ്രൂപ്പ്, ഓറല്‍ കാന്‍സര്‍ ടാസ്‌ക്ക് ഫോഴ്സ്, ഹെഡ് ആന്റ് നെക്ക് ഓങ്കോളജി ഗ്രൂപ്പ്, ഐഎംഎ, ഐഡിഎ എന്നിവയുടെകൂടി പങ്കാളിത്തത്തോടെയായിരിക്കും സമ്മേളനം നടത്തുക. കാന്‍സര്‍ രോഗം പ്രാരംഭഘട്ടത്തില്‍ കണ്ടുപിടിക്കാനും, കാന്‍സര്‍ ചികിത്സയിലെ ആധുനികരീതികള്‍ സാര്‍വത്രികമാക്കാനുമുള്ള ശ്രമങ്ങളിലാണ് സിസിആര്‍സി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ് പറഞ്ഞു. കാന്‍സര്‍ ചികിത്സയിലുള്ള ഗവേഷണം പോലെത്തന്നെ പ്രധാനമാണ്, ചികിത്സിയ്ക്കാനാവശ്യമായ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പുതിയ പഠനവും അന്വേഷണവും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ നൂറിലേറെ വിദഗ്ധര്‍ പങ്കെടുക്കും.

കാന്‍സര്‍ ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയെക്കുറിച്ചും ആഗോള കാന്‍സര്‍ ചികിത്സാരംഗത്തെ നൂതനമായ മുന്നേറ്റങ്ങളെക്കുറിച്ചുമാകും വിദഗ്ധര്‍ ചര്‍ച്ച നടത്തുക എന്ന് ഡോ. മോനി വിശദീകരിച്ചു. കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടര്‍മാരേയും സാങ്കേതിക വിദഗ്ധരേയും ഗവേഷകരേയും സ്റ്റാര്‍ട്ടപ്പ് സംരംഭകരേയും ഒന്നിച്ച് അണിനിരത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ നൂതന സാങ്കേതികവിദ്യയിലേയ്ക്ക് കടന്നുവരാന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ഏറെ സാധ്യതകളുണ്ടെന്ന് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കളമശ്ശേരി ഇന്റ്ഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ സജീവമായി ഒരു കാന്‍സര്‍ ടെക്നോളജി ഇന്‍കുബേറ്റര്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. സിസിആര്‍സിയുടെ നേതൃത്വത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. എന്ന് ഡോ. സജി ഗോപിനാഥ് വിശദീകരിച്ചു. കാന്‍സര്‍ ചികിത്സയിലെ സാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ തങ്ങളുടെ പഠനങ്ങളും കണ്ടുപിടുത്തങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

സമ്മേളനത്തിന്റെ ഭാഗമായി പത്താം തീയതി മാരത്തോണും സംഘടിപ്പിച്ചിട്ടുണ്ട്. അന്നേദിവസം രാവിലെ അഞ്ചുമണിയ്ക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് മാരത്തോണ്‍ ആരംഭിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും www.canquer2019.in