ഗോ എയറിന്റെ എട്ടാമത് അന്താരാഷ്ട്ര സര്‍വീസ് സിംഗപ്പൂരിലേക്ക്

Posted on: October 9, 2019

കൊച്ചി:  ഗോ എയര്‍ ബംഗലുരുവില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബംഗലുരു -സിംഗപ്പൂര്‍-ബംഗലുരു സർവീസ്  ഒക്ടോബര്‍ 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കൊല്‍ക്കത്ത-സിംഗപ്പൂര്‍-കൊല്‍ക്കത്ത സര്‍വീസ് ഒക്ടോബര്‍ 19 നും ആരംഭിക്കും.

ഗോ എയറിന്റെ എട്ടാമത് അന്താരാഷ്ട്ര സര്‍വീസാണ് സിംഗപ്പൂരിലേക്ക് ആരംഭിക്കുന്നത്.പുതിയ അന്താരാഷ്ട്ര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു. ഗോ എയറിന്റെ 25ാമത് ആഭ്യന്തര സര്‍വീസാണിത്.

സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് പുതിയ സർവീസുകളെക്കുറിച്ച്  ഗോ എയര്‍ മാനേജിംഗ്  ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. സിംഗപ്പൂര്‍ ഒരേസമയം വളരെ പ്രധാനപ്പെട്ട വിനോദയാത്രാ കേന്ദ്രവും ബിസിനസ് ഹബ്ബുമാണ്. ഇത് പരിഗണിച്ച് ഗോ എയര്‍ സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്ന് ഇന്ത്യയിലും സിംഗപ്പൂരിലും ടൂറിസം വികസനത്തിനുവേണ്ടി പ്രവര്‍ത്തിപ്പിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഗവണ്‍മെന്റിന്റെ ഗതാഗതത്തിലൂടെ മാറ്റം എന്ന വികസന ലക്ഷ്യത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ് ഞങ്ങളുടെ ഐസോളിലേക്കുള്ള ഫ്‌ളൈറ്റ്  സർവീസ് എന്ന്  അദ്ദേഹം പറഞ്ഞു.

ഗോ എയറിനെ സിംഗപ്പൂരിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദമുണ്ടെന്ന്  സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ജി.ബി. ശ്രീധര്‍ പറഞ്ഞു. കൊല്‍ക്കത്തയെയും ബംഗലുരുവിനെയും സിംഗപ്പൂരുമായി ബന്ധിപ്പിച്ച് ഫ്‌ളൈറ്റ് ശ്യംഖല വ്യാപിപ്പിക്കുമ്പോള്‍ ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റുകളും യാത്രാ സമയവും തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.സിംഗപ്പൂരിന്റെ ഏറ്റവും വലിയ മൂന്നാമത്തെ സന്ദര്‍ശക ഉറവിടം ഇന്ത്യയാണ്. ഇന്ത്യയിലെ 15 കേന്ദ്രങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഫ്‌ളൈറ്റ് കണക്ടിവിറ്റിയുള്ളത് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കപ്പല്‍ ഗതാഗതത്തിനും ഇന്ത്യ വലിയ വിപണിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഗോ എയറിന്റെ ബംഗലുരു – സിംഗപ്പൂര്‍ ഉദ്ഘാടന വിമാനം ജി8 27 ഒക്ടോബര്‍ 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് ആരംഭിക്കും. മടക്ക ഫ്‌ളൈറ്റ് ജി8 28 ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4.50 ന് സിംഗപ്പൂരിലെ ചങ്കി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് 7.35 ന് ബംഗലുരുവില്‍ എത്തിച്ചേരും. ഗോ എയറിന്റെ കൊല്‍ക്കത്ത-സിംഗപ്പൂര്‍ ഉദ്ഘാടന സര്‍വീസ് 19ന് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍ നിന്നും രാത്രി 8.25 ന് പുറപ്പെട്ട് സിംഗപ്പൂര്‍ ചങ്കി വിമാനത്താവളത്തില്‍ എത്തും. മടക്ക വിമാനം ജി8 36 ഒക്ടോബര്‍ 20 ന് പുലര്‍ച്ചെ 4.40 നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ട് 6.25 നു കൊല്‍ക്കത്തയില്‍ എത്തിച്ചേരും. ദിവസേനയുള്ള പുതിയ ഐസ്വാള്‍ ഫ്‌ളൈറ്റ് ഐസോളില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയുള്ള ലെങ്പുയി വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസുകള്‍ നല്‍കുന്നത്.

TAGS: Go Air |