ഗോ എയര്‍ 12 വിമാന സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു

Posted on: October 4, 2019


കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ 12 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ഇതോടെ കമ്പനി ദിവസവും നല്‍കുന്ന സര്‍വീസുകളുടെ എണ്ണം 325ല്‍ അധികമായി. ഡല്‍ഹി-ഛണ്ഡീഗഡ്, ലഖ്‌നൗ-അഹമ്മദാബാദ്, കൊല്‍ക്കത്ത-ലഖ്‌നൗ എന്നീ റൂട്ടുകളില്‍ രണ്ടുവീതം സര്‍വീസുകളാണ് ഗോ എയര്‍ ആരംഭിക്കുന്നത്. കൂടാതെ നിലവിലുള്ള കൊല്‍ക്കത്ത – ഗുവാഹത്തി റൂട്ടില്‍ നാലു സര്‍വീസുകളും അഹമ്മദാബാദ് – ഛണ്ഡീഗഡ് റൂട്ടില്‍ രണ്ടു സര്‍വീസുകളും പുതുതായി ആരംഭിക്കുന്നു. പുതിയ ഫ്‌ളൈറ്റുകള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ സര്‍വീസ് നടത്തും.

ഗോ എയറിന്റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് 12 പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു. ഇവയില്‍ ആറെണ്ണം പുതിയ റൂട്ടിലേക്കും മറ്റുള്ളവ നിലവിലുള്ള റൂട്ടുകളിലേക്കുമാണ് സര്‍വീസ് നടത്തുക. നിലവില്‍ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളുമായി ലഖ്‌നൗവിനെ ബന്ധിപ്പിച്ചു കഴിഞ്ഞു. പുതുതായി കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസ് ലഖ്‌നൗവിനെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിക്കുക എന്ന കമ്പനിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോ എയര്‍ അതിന്റെ ശ്യംഖലയിലേക്ക് 16 വിമാനങ്ങള്‍ കൂടി ചേര്‍ത്തതോടെ 90 പുതിയ സര്‍വീസുകളാണ് കഴിഞ്ഞ 11 മാസത്തില്‍ ആരംഭിക്കാനായത്. കൂടാതെ അബുദാബി, ദുബായ്, മസ്‌ക്കറ്റ്, കുവൈറ്റ് തുടങ്ങിയവ ഉള്‍പ്പെടെ എട്ടു വിമാനത്താവളങ്ങളും ഗോ എയറിന്റെ ശ്യംഖലയിലേക്ക് ചേര്‍ക്കപ്പെട്ടു.

ഡല്‍ഹി – ഛണ്ഡീഗഡ് സര്‍വീസുകള്‍ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ലഭ്യമാണ്. 1707 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ലഖ്‌നൗ – അഹമ്മദാബാദ് സര്‍വീസും ഞായറാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ സേവനം നല്‍കുന്നു. 2487 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊല്‍ക്കത്ത-ലഖ്‌നൗ വിമാനം ദിവസേന സേവനം നല്‍കുമ്പോള്‍ 2010 രൂപ മുതലും, ഛണ്ഡീഗഡ് – അഹമ്മദാബാദ് ഫ്‌ളൈറ്റ് ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും സേവനം നല്‍കുമ്പോള്‍ 3074 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

ഈ റൂട്ടുകളിലെ പുതിയ സര്‍വീസുകള്‍ ഒക്ടോബര്‍ അഞ്ചു മുതല്‍ ആരംഭിക്കും. ഗോ എയര്‍ ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ goair.in, ഗോ എയര്‍ മൊബൈല്‍ ആപ്പ്, കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്റുമാര്‍, ട്രാവല്‍ പോര്‍ട്ടലുകള്‍ എന്നിവ വഴി ബുക്ക് ചെയ്യാം.

ഗോ എയര്‍ നിലവില്‍ ദിവസവും 330 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയര്‍ വഴി യാത്ര ചെയ്തത്. നിലവില്‍ ഗോ എയര്‍ അഹമ്മദാബാദ്, ബാഗ്‌ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാട്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നിങ്ങനെയുള്ള 24 ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ദുബായ്, ബാങ്കോക്ക്, കുവൈറ്റ് എന്നീ ഏഴ് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കിവരുന്നു.

TAGS: Go Air |