പൈലറ്റുമാരുടെ സമരം : ബ്രിട്ടീഷ് എയർവേസ് സർവീസുകൾ മുടങ്ങി

Posted on: September 9, 2019

ലണ്ടൻ : പൈലറ്റുമാർ ഇന്നു പുലർച്ചെ മുതൽ ആരംഭിച്ച പണിമുടക്കിനെ തുടർന്ന് ലോകവ്യാപകമായി ബ്രിട്ടീഷ് എയർവേസ് വിമാന സർവീസുകൾ തടസപ്പെട്ടു. പൈലറ്റുമാരുടെ 48 മണിക്കൂർ പണിമുടക്ക് 280,000 യാത്രക്കാരെ ബാധിച്ചു. 1500 ലേറെ ഫ്‌ളൈറ്റുകൾ റദ്ദാക്കി. ബ്രിട്ടീഷ് എയർവേസിൽ 4300 പൈലറ്റുമാരാണ് ജോലിചെയ്യുന്നത്.

സെപ്റ്റംബർ 9,10, 27 തീയതികളിൽ പണിമുടക്കുമെന്ന് കഴിഞ്ഞമാസം പൈലറ്റുമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപത് മാസമായി ബ്രിട്ടീഷ് എയർവേസ് പൈലറ്റ്‌സ് അസോസിയേഷനും കമ്പനിയും തമ്മിൽ തർക്കത്തിലാണ്. കമ്പനിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ പണിമുടക്ക് നേരിടുന്നത്.