ദുബായ്- കണ്ണൂര്‍ ഗോ എയര്‍ ബുക്കിംഗ് തുടങ്ങി : ആദ്യവിമാനം 25 ന്

Posted on: July 20, 2019

ദുബായ് : ദുബായില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ഗോ എയര്‍ വിമാനസര്‍വീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ജൂലായ് 25 മുതല്‍ കണ്ണൂരിലേക്ക് ദുബായില്‍ നിന്ന് നേരിട്ട് പറക്കാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാവുന്ന സര്‍വീസാണിത്.

സ്വന്തം നാട്ടില്‍ വിമാനത്താവളം വന്നെങ്കിലും ദുബായിലുള്ള കണ്ണൂര്‍ സ്വദേശികള്‍ക്ക് അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് നേരിട്ട് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ദുബായില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നതോടെ ഇതിന് പരിഹാരമാവും.

25 ന് വൈകീട്ട് ഏഴരയ്ക്കാണ് ജി 8-58 ഗോ എയര്‍ ആദ്യ വിമാനം കണ്ണൂരില്‍ നിന്ന് ദുബായിലേക്ക് പറക്കുക. രാത്രി പത്തരയ്ക്ക് ദുബായിലെത്തുന്ന വിമാനത്തെ ജലാഭിവാദ്യത്തോടെ സ്വീകരിക്കും. രാത്രി 12.20 നാണ് കണ്ണൂരിലേക്കുള്ള ജി 8-57 വിമാനം പുറപ്പെടുക. പുലര്‍ച്ചെ 5.55 ന് കണ്ണൂരിലെത്തും.

നാട്ടില്‍ പോകാന്‍ കോഴിക്കോട്ടെയും മംഗലാപുരത്തെയും വിമാനത്താവളങ്ങലായിരുന്നു മുമ്പ് കണ്ണൂര്‍ക്കാര്‍ക്ക് ആശ്രയം. വിമാനക്കമ്പനി കുറഞ്ഞത് നാലും അഞ്ചും മണിക്കൂര്‍ യാത്രചെയ്താണ് വീട്ടിലെത്തിയിരുന്നത്. ഇനി ആ യാത്ര ഒരു മണിക്കൂറിലേക്ക് ചുരുങ്ങും. അര്‍ധരാത്രി ദുബായില്‍ നിന്ന് വിമാനം കയറിയാല്‍ പ്രഭാതഭക്ഷണത്തിന് വീട്ടില്‍ എത്താമെന്നാണ് പുതിയ സര്‍വീസിനെക്കുറിച്ചുള്ള കണ്ണൂരുകാരുടെ അഭിപ്രായം.

TAGS: Go Air |