പ്രവാസികൾക്ക് ആധാർ കാർഡ് സ്വാഗതാർഹം ; ഡോ. ആസാദ് മൂപ്പൻ

Posted on: July 6, 2019

ദുബായ് : പ്രവാസികൾക്കും ആധാർ കാർഡ് എടുക്കാമെന്ന പ്രഖ്യാപനം ശുഭകരമായ തീരുമാനമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു.

ഒരു തിരിച്ചറിയൽ സംവിധാനം ലഭ്യമാകുമെന്ന നിലക്കും, ഇന്ത്യയിൽ നിന്ന് ബിസിനസ് ചെയ്യുമ്പോൾ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നതടക്കമുളള പ്രവാസികൾ നേരിടുന്ന പല ഫ്രശ്‌നങ്ങൾക്കും ഇതിനാൽ പരിഹാരമാകും. കേന്ദ്ര ബജറ്റിൽ ആരോഗ്യ പരിചരണ മേഖലയെ സംബന്ധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളൊന്നുമില്ല. ആയുഷ്മാൻ ഭാരത് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യമേഖലക്ക് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫണ്ടും അനുവദിക്കപ്പെട്ടിട്ടില്ല.

വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ പ്രാധാന്യവും ശ്രദ്ധയും പ്രശംസനീയമാണ്. മെഡിക്കൽ കോളേജുകൾ ആരംഭിക്കുവാനും, നിലവാരമുയർത്താനും ആവശ്യമായ ഫണ്ട് അനുവദിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ബജറ്റിൽ മുന്നോട്ടുവെച്ച സ്റ്റഡി ഇൻ ഇന്ത്യ പ്രോഗ്രാമിലൂടെ സ്വയം ഭരണാവകാശമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ കൊണ്ടുവരാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.