ടി കെ എ നായർ ഐഎഎസിന് മണപ്പുറം വി. സി. പത്മനാഭന്‍ പുരസ്‌കാരം

Posted on: June 8, 2019

 

തൃശൂർ : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ് ടാവുമായിരുന്ന ടി കെ എ നായർ ഐഎഎസ് ഉൾപ്പടെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് 2019 ലെ വി.സി. പത്മനാഭൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക സാലുമാരട തിമ്മക്ക, മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ റോമേഷ് സോബ്ടി  എന്നിവര്‍ പുരസ്‌കാര ജേതാക്കളില്‍പ്പെടുന്നു.

ജൂൺ 11 -ന്  തൃശൂർ  ലുലു ഇന്റര്‍നാഷ്ണല്‍ കണ്‍ വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും, മുന്‍ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ ആന്റണി ഡൊമനിക് മുഖ്യാതിഥിയാകും.

മണപ്പുറം ഗ്രൂപ്പ് സ്ഥാപകന്‍ വി. സി. പത്മനാഭന്റെ സ്മരണയ്ക്കായി 2010 ലാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. എല്ലാവര്‍ഷവും നല്‍കി വരുന്ന പുരസ്‌കാരം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച വ്യക്തിത്വങ്ങള്‍ക്കാണ് നല്‍കുന്നത്. കല, സാഹിത്യം, പൊതുഭരണത്തില്‍ മികച്ച സേവനം നടത്തുന്നവര്‍, സദ്ഭരണം ഉറപ്പുവരുത്തുന്ന പൊതുപ്രവര്‍ത്തകന്‍, പരിസ്ഥിതി സംരക്ഷണം, സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസില്‍ മികവ് തെളിയിച്ചവര്‍, സമൂഹത്തിന്റെ വികസനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബിസിനസ് രംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവരെ അവാര്‍ഡിനായി പരിഗണിക്കുന്നു.