സിയാൽ വിന്റർഷെഡ്യൂളിൽ 1078 പ്രതിവാര സർവീസുകൾ

Posted on: October 30, 2014

CIAL-D-Terminal-CS

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) വിന്റർ ഷെഡ്യൂളിൽ 1,078 പ്രതിവാര സർവീസുകൾ ഉണ്ടായിരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ എ സി കെ നായർ അറിയിച്ചു. ഇവയിൽ 599 ആഭ്യന്തര ഫ്‌ലൈറ്റുകളും 479 അന്താരാഷ്ട്ര ഫ്‌ലൈറ്റുകളും ഉൾപ്പെടുന്നു. 2015 മാർച്ച് 28 വരെയാണ് വിന്റർ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാവുക.

ആഭ്യന്തര സെക്ടറിൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഫ്‌ലൈറ്റുകൾ (89 എണ്ണം) ബംഗലുരുവിലേക്കാണ്. മുംബൈയിലേക്ക് 72 ഉം ചെന്നൈയിലേക്ക് 48 ഉം ഡൽഹിയിലേക്ക് 38 ഉം ഫ്‌ലൈറ്റുകളുണ്ടായിരിക്കും. പുതുതായി അനുമതി ലഭിച്ച എയർ പെഗാസസ് കൊച്ചിയിൽ നിന്ന് ബംഗലരു, ചെന്നൈ സർവീസുകൾ ആരംഭിക്കും. എയർഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എന്നീ വിമാനകമ്പനികൾ പുതുതായി ഗോവ സർവീസും തുടങ്ങും.

അന്താരാഷ്ട്ര സർവീസുകളിൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ ഫ്‌ലൈറ്റുകൾ (45 എണ്ണം) ദുബായിലേക്കാണ്. സൗദി എയർലൈൻസ് പ്രതിവാര സർവീസ് അഞ്ചിൽനിന്ന് ആറാക്കി ഉയർത്തി. ശബരിമല സീസണിലെ തിരക്ക് പരിഗണിച്ചു നവംബർ മുതൽ ജനുവരി വരെ മലിൻഡോ എയർ കുലാലംപൂർ – കൊച്ചി സെക്ടറിൽ കൂടുതൽ ഫ്‌ലൈറ്റ് സർവീസ് നടത്തും.