മനോഹർ പരീക്കറുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം

Posted on: March 18, 2019

പനാജി : ഇന്നലെ അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സംസ്‌കാരം ഇന്നു വൈകുന്നേരം അഞ്ചുമണിക്ക് പനാജിയിലെ മിറാമർ ബീച്ചിൽ നടക്കും. പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാരം. ഗോവയുടെ പ്രഥമ മുഖ്യമന്ത്രി ദയാനന്ദ് ബന്ദോക്കറുടെ സ്മാരകത്തിന് സമീപമാണ് പരീക്കർക്ക് ചിതയൊരുക്കുന്നത്.

പരീക്കറുടെ മൃതദേഹം ഇന്നു രാവിലെ ഒരു മണിക്കൂർ സംസ്ഥാന ബിജെപി ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് പൊതുജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കലാ അക്കാദമിയിലേക്ക് മാറ്റും. കേന്ദ്ര ഗവൺമെന്റ് ഇന്ന് ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്കറോടുള്ള ആദരസൂചകമായി ഇന്ന് രാജ്യത്ത് ഉടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.