യൂണിയൻ ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം കണ്ണൂരിൽ

Posted on: October 16, 2014

Union-Bank-of-India-Logo-smയൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 18,19 തീയതികളിൽ കണ്ണൂരിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ ജില്ലകളിൽനിന്നായി 300 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്നു വൈകുന്നേരം നാലിനു കണ്ണുർ എസ്ബിഐ ശാഖാ പരിസരത്തുനിന്നു വിളംബര ജാഥ സംഘടിപ്പിക്കും.

18 നു വൈകുന്നേരം 4.30 ന് ഫിനാൻഷ്യൽ ഇൻക്ലൂഷന്റെ നാനാർഥങ്ങൾ എന്ന വിഷയത്തെക്കുറിച്ചു കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രഭാഷണം സംഘടിപ്പിക്കും. കെ.ടി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തും.

19 ന് രാവിലെ 10 ന് സി. കണ്ണൻ സ്മാരക ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പി. കരുണാകരൻ എംപി ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രദീപ് സാരാഗി മുഖ്യാതിഥിയായിരിക്കും. പ്യൂൺ തസ്തിക പുനഃസ്ഥാപിക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ മുദ്രാവാക്യമാണു സമ്മേളനം ഉന്നയിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. 2008 ന് ശേഷം യൂണിയൻ ബാങ്കിൽ പ്യൂൺ, സ്വീപ്പർ നിയമനം നടന്നിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തിൽ കെ.പി. സഹദേവൻ, വി.പി. അബൂബക്കർ, എം. ഉദയകുമാർ, കെ. അശോകൻ, ടി.ആർ. രാജൻ എന്നിവർ പങ്കെടുത്തു.