ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ രജിസ്‌ട്രേഷൻ നാളെ മുതൽ

Posted on: September 26, 2014

gksf-boxഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എട്ടാം സീസണിന്റെ ഷോപ്പുകളുടെ രജിസ്‌ട്രേഷൻ നാളെ ആരംഭിക്കും. ഡിസംബർ ഒന്നു മുതൽ ജനുവരി 15 വരെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മേളയുടെ രജിസ്‌ട്രേഷനൊരുക്കങ്ങൾ എല്ലാ ജില്ലകളിലും പൂർത്തിയായതായി ഫെസ്റ്റിവൽ ഡയറക്ടർ കെ.എം. മുഹമ്മദ് അനിൽ പറഞ്ഞു.

14 ജില്ലകളിലും കുടുംബശ്രീയുടെ പ്രത്യേക സ്‌ക്വാഡുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടത്തുക. തെരഞ്ഞെടുക്കപ്പെട്ട ആയിരത്തഞ്ഞൂറോളം യൂണിറ്റുകൾക്കുമുള്ള പരിശീലനം എല്ലാ ജില്ലകളിലും പൂർത്തിയായി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

പ്രീമിയം, ജനറൽ എന്നീ രണ്ടു വിഭാഗങ്ങളിലായാണ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകുക. പ്രീമിയം സ്ഥാപനങ്ങൾക്ക് 20,000 രൂപ തുക അടയ്ക്കുന്നതിലൂടെ 15 രൂപ വിലയുള്ള 300 കൂപ്പണുകളും പ്രചാരണ കമാനവും മറ്റ് വിപണന സഹായ ലഘുലേഖകളും സൗജന്യമായി ലഭിക്കും.

ജനറൽ വിഭാഗത്തിൽ 15 രൂപ വിലയുള്ള 100 കൂപ്പൺ വാങ്ങുന്നതോടെ സൗജന്യ രജിസ്‌ട്രേഷൻ ഉറപ്പാകും. സി-ഡിറ്റ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വേറിലൂടെ രജിസ്റ്റർ ചെയ്യപ്പെടുന്നതോടുകൂടി വ്യാപാരികൾക്ക് മൊബൈൽ സന്ദേശവും ലഭിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സിഡിഎസുകളെ അടിസ്ഥാനപ്പെടുത്തിയാണ് രജിസ്‌ട്രേഷനുവേണ്ടിയുള്ള ടീമുകൾ പ്രവർത്തിക്കുന്നത്. കോർപറേഷനുകളിൽ സിഡിഎസ് ഒന്നിന് ആറു പേർ വീതവും മുൻസിപ്പാലിറ്റിയിൽ നാലു പേർ വീതവും മൂന്ന് റൂറൽ സിഡിഎസിന് രണ്ടു പേർ വീതവുമുള്ള ടീമുകളെയാണ് തയാറാക്കിയിട്ടുള്ളത്. മുൻ സീസണുകളിൽ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെയും അക്ഷയ സംരംഭകരുടെയും നേതൃത്വത്തിലാണ് രജിസ്‌ട്രേഷൻ പ്രക്രിയ നടന്നിരുന്നത്.

ഇതാദ്യമായാണ് ഇത്രയും ബൃഹത്തായി രജിസ്‌ട്രേഷൻ പ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നത്. സീസൺ നാല് അഞ്ച് ആറ് വർഷങ്ങളിൽ യഥാക്രമം 6,305, 5,548, 6,341 എന്നിവയായിരുന്നു കേരളത്തിൽ രജിസ്ട്രർ ചെയ്യപ്പെട്ട വ്യാപാരസ്ഥാപനങ്ങൾ.