പ്രവാസികൾക്കും ഇന്ത്യൻ സംരംഭകർക്കുമായി ഐബിഎംസി 3 പദ്ധതികൾ പ്രഖ്യാപിച്ചു

Posted on: March 15, 2018

കൊച്ചി: പ്രവാസി ഇന്ത്യക്കാർക്കും വനിതാ സംരംഭകർക്കും മധ്യ, ഇടത്തരം, ചെറുകിട വ്യവസായ മേഖലയ്ക്കും സഹായകരമാകുന്ന മൂന്ന് പ്രധാന പദ്ധതികളൾ ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. വനിതാ സംരംഭക ശാക്തീകരണം ലക്ഷ്യമിട്ടുള്ള ധന-സ്ത്രീ കേന്ദ്രങ്ങൾ, രാജ്യത്തെ മധ്യ, ഇടത്തരം, ചെറുകിട സംരംഭകർക്ക് ഐബിഎംസി യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് വഴി ആഗോള വിപണിയിലേക്കുള്ള അവസരമൊരുക്കൽ, ദേശീയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ആഗോളതലത്തിൽ പ്രവാസികൾക്ക് ലഭ്യമാക്കൽ എന്നീ പദ്ധതികളാണ് ഐബിഎംസി പ്രഖ്യാപിച്ചത്.

ചെറുകിട, ഇടത്തരം സംരംഭങ്ങളിലേക്കും മൈക്രോ സംരംഭങ്ങളിലേക്കും വനിതാ സംരംഭകരെ ആകർഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഐബിഎംസി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണ് ധന-സ്ത്രീ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.

ബിഎസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ അംബരീഷ് ദത്തയും ഐ ബി എം സി ഗ്ലോബൽ നെറ്റ് വർക്ക്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ പി. കെ സജിത് കുമാറും ചേർന്ന് കൊച്ചിയിൽ ധന- സ്ത്രീ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് എഡ്യുക്കേഷൻ ആൻഡ് ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ബിനു നായർ, ഇൻവെസ്റ്റ്‌മെൻറ്‌സ് ആൻഡ് ഓപ്പറേഷൻസ് അസോസിയേറ്റ് ഡയറക്ടർ എവിൻ ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപേക്ഷകരിൽ നിന്ന് അഭിമുഖത്തിൻറെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളെ ബി ഐ എൽ – ഐ ബി എം സി സെൻറർ ഓഫ് എക്‌സലൻസ് സംഘടിപ്പിക്കുന്ന വ്യാവസായിക പരിശീലന പരിപാടിയിൽ പങ്കെടുപ്പിക്കും. കൊമേഴ്സ് ബിരുദധാരികളായ വനിതകൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡേറ്റയും അപേക്ഷയും മാർച്ച് 31 ന് മുൻപ് അയക്കാവുന്നതാണെന്ന് സജിത്കുമാർ പറഞ്ഞു. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഐ ബി എം സി യു എ ഇ – ഇന്ത്യ ബി 2 ബി സെന്റർ, ബി 2 ബി പോർട്ടൽ സേവനങ്ങൾ സൗജന്യമായി നൽകുമെന്നും സജിത്കുമാർ അറിയിച്ചു.

ബിസിനസ് സമൂഹത്തിന് മാത്രമല്ല, സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആഗോള പ്രവാസി സമൂഹത്തിനും ഐ ബി എം സി പുതിയ സേവന പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ദേശീയ പെൻഷൻ പദ്ധതികളുടെ ഗുണഫലങ്ങൾ പ്രവാസി സമൂഹത്തിനു ലഭ്യമാക്കുന്ന പദ്ധതിക്കും ഐ ബി എം സി തുടക്കം കുറിച്ചു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻറ് അഥോറിട്ടിയുടെ പെൻഷൻ പദ്ധതികളിൽ ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്കും അംഗങ്ങളാവാം. 18 നും 65 നും ഇടയിൽ പ്രായമുള്ള പ്രവാസി ഇന്ത്യക്കാർക്ക് ഇതിൽ പങ്കാളികളാകാം. കുറഞ്ഞ മാസ നിക്ഷേപം 500 രൂപയും കുറഞ്ഞ വാർഷിക നിക്ഷേപം 6000 രൂപയുമാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഇത് സംബന്ധിച്ച് സൗജന്യ സേവനങ്ങൾ ഐ ബി എം സി നൽകും. [email protected] എന്ന മെയിൽ ഐ ഡി യിലൂടെ പ്രവാസി ഇന്ത്യക്കാർക്ക് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.