സ്റ്റാർട്ടപ്പ് എക്‌സ്‌ചേഞ്ചുമായി ഐബിഎംസി

Posted on: August 1, 2017

നിക്ഷേപ സേവനരംഗത്ത് ദുബായ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐബിഎംസി സ്റ്റാർട്ടപ്പ് എക്‌സ്‌ചേഞ്ച് ആരംഭിക്കാൻ ഒരുങ്ങുന്നു. നെതർലൻഡ് സ്റ്റാർട്ടപ്പ് സ്റ്റോക്ക്എക്‌സ്‌ചേഞ്ചുമായി ഇതു സംബന്ധിച്ച് ധാരണയിലെത്തിയതായി ഐബിഎംസി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സജിത്കുമാർ പി. കെ. പറഞ്ഞു. യുഎഇ ഗവൺമെന്റ് സ്റ്റാർട്ടപ്പുകൾക്ക് മുന്തിയ പരിഗണനയാണ് നൽകിവരുന്നത്. പുതിയ എക്‌സ്‌ചേഞ്ചിന്റെ സ്ഥാപനത്തിൽ അഡൈ്വസറി റോളിൽ ഐബിഎംസി ഉണ്ടാകും.

സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വളർച്ചയ്ക്കും മൂലധനസമാഹരണത്തിനും സ്റ്റാർട്ടപ്പ് എക്‌സ്‌ചേഞ്ചുകൾ അനിവാര്യമാണ്. സീഡ് ഫണ്ടിംഗിനും പ്രൈവറ്റ് ഇക്വിറ്റിക്കുമപ്പുറം സ്റ്റാർട്ടപ്പ് എക്‌സ്‌ചേഞ്ചുകൾ നിക്ഷേപകരുടെ വിശ്വാസം ആർജിച്ച് മൂലധനസമാഹരണം സാധ്യമാകും. ഇത്തരം എക്‌സ്‌ചേഞ്ചുകൾക്ക് ഇന്ത്യയിലും സാധ്യതകളുണ്ടെന്ന് സജിത്കുമാർ ചൂണ്ടിക്കാട്ടി. കൊച്ചിൻ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് പോലുള്ള റീജണൽ എക്‌സ്‌ചേഞ്ചുകൾ സജ്ജീവമായിരുന്നെങ്കിൽ ഓരോ സംസ്ഥാനത്തെയും എസ്എംഇ, എംഎസ്എംഇ സ്ഥാപനങ്ങൾക്ക് ഗുണകരമായേനെ എന്നും അദേഹം പറഞ്ഞു.

ഐബിഎംസി മുൻകൈയെടുത്താണ് 2012 ൽ ക്വാളിഫൈഡ് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് വിഭാഗത്തിൽ ആദ്യ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അന്ന് ഒരു യുഎഇ പൗരനാണ് നിക്ഷേപം നടത്താൻ മുന്നോട്ടുവന്നത്. അതോടൊപ്പം ക്യു എഫ് ഐ സംബന്ധിച്ച് ദുബായിൽ അന്തർദേശീയ സെമിനാറും സംഘടിപ്പിച്ചിരുന്നു. തുടർന്ന് 45 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ഗ്ലോബൽ അംബാസിഡേഴ്‌സ് മീറ്റും ഐബിഎംസിയുടെ വളർച്ചയിലെ നാഴികക്കല്ലായി.

ഇന്ത്യയിലും യുഎഇയിലും വളർച്ചാസാധ്യതയുള്ള 12 സെക്ടറുകളെ കണ്ടെത്തി എസ്എംഇ, എംഎസ്എംഇ കമ്പനികൾക്ക് ഐബിഎംസി പിന്തുണനൽകിവരുന്നു. ഇതിന്റെ ഭാഗമായി 2016 ൽ uaeindiab2b.com എന്ന വെബ് പോർട്ടൽ ആരംഭിച്ചു. ഐബിഎംസി യുഎഇ ചെയർമാനും യുഎഇ രാജകുടുംബാംഗവുമായ ഹിസ് എക്‌സലൻസി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹാമിന്റെ നേതൃത്വത്തിലാണ് ഈ ചുവട്‌വെയ്പ്പ്.

വളർച്ചാ സാധ്യതയുള്ള ഇന്ത്യൻ കമ്പനികൾക്ക് ഈ പോർട്ടലിൽ ലിസ്റ്റ് ചെയ്താൽ വലിയ മുതൽമുടക്കില്ലാതെ ആഭ്യന്തരവിപണിയിൽ നിന്ന് ഇന്റർനാഷണൽ പ്ലാറ്റ്‌ഫോമിലേക്ക് മാറാൻ സാധിക്കും. യുഎഇയിലുള്ള കമ്പനികൾ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഈ പോർട്ടലിലൂടെ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താനുമാകും. ഇതിനു പുറമെ ഇരു രാജ്യങ്ങളിലെയും സംരംഭകരെ സഹായിക്കാൻ രണ്ട് യുഎഇ ഇന്ത്യ ബിടുബി സെന്ററുകളും ഐബിഎംസി ആരംഭിച്ചിട്ടുണ്ട്. ദുബായിലും കൊച്ചിയിലുമാണ് ഈ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇന്ത്യൻ കമ്പനികൾക്ക് യുഎഇയിൽ ശാഖകളും റെപ്രസെന്റേറ്റീവ് ഓഫീസുകളും ആരംഭിക്കാൻ ഈ സെന്ററുകൾ സഹായിക്കും.

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളെയും യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും ബിസിനസ് സാധ്യതകൾ സ്വകാര്യമേഖലയ്ക്ക് പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റിവൽ 2017 ഉം ഐബിഎംസിയുടെ സംഭാവനയാണ്. പത്ത് മാസം ദീർഘിക്കുന്ന ഫെസ്റ്റിവൽ ദുബായിൽ തുടങ്ങി അബുദാബിയിൽ സമാപിക്കും. ദുബായിലും ഷാർജയിലും യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റിവൽ വിജയകരമായി നടന്നുകഴിഞ്ഞു. ഇരു രാജ്യങ്ങളിലെയും ഇൻഡസ്ട്രിയൽ സ്പീക്കേഴ്‌സ് മേളയിൽ പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവലിന്റെ ലൈവ് ടെലികാസ്റ്റും ഐബിഎംസി ഒരുക്കിയിട്ടുണ്ട്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്, ഐഎൽ & എഫ്എസ്, നെതർലൻഡ് സ്റ്റാർട്ടപ്പ് എക്‌സ്‌ചേഞ്ച് തുടങ്ങി ആഗോളതലത്തിൽ അറിയപ്പെടുന്ന നിരവധി സ്ഥാപനങ്ങൾ യുഎഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്.

അബുദാബി ഗ്ലോബൽ മാർക്കറ്റുമായി ചേർന്നു ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ആദ്യഫണ്ട് അടുത്തമാസം ലോഞ്ച് ചെയ്യും. ഈ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ് ഐബിഎംസി. ഈ ഫണ്ടിന്റെ ശരിയായ വിനിയോഗം ഉറപ്പുവരുത്തുന്നത് ഇന്ത്യ ഗവൺമെന്റാണ്. നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടൽ സഹായകമാകും. പതിനെട്ട് മാസത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഫണ്ട് തുക പത്ത് ബില്യൺ ഡോളറാണ്.

ഇതിനു പുറമെ പ്രൈവറ്റ് – പബ്ലിക് പാർട്ണർഷിപ്പ് പദ്ധതികളുമായി ഐബിഎംസി സഹകരിക്കുന്നുണ്ട്. ഇലക്‌ട്രോണിക് സെക്ടറിലാണ് ഇപ്പോൾ ഊന്നൽ നൽകിയിട്ടുണ്ട്. നെക്‌സ്റ്റ് ഓർബിറ്റ് വെഞ്ചേഴ്‌സ് എന്ന ഫണ്ടിന്റെ ജിസിസി അഡൈ്വസറാണ് ഐബിഎംസി. വിദേശഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്താനുള്ള പിന്തുണയും ഐബിഎംസി നൽകി വരുന്നു. ഇന്ത്യയിലും മിഡിൽഈസ്റ്റിലുമായി എട്ട് രാജ്യങ്ങളിൽ ഐബിഎംസിയുടെ നിക്ഷേപ സേവനം ലഭ്യമാണ്.

ലിപ്‌സൺ ഫിലിപ്പ്‌