സമാന ഗ്ലോബൽ ഫണ്ട് വിപണിയിൽ

Posted on: December 19, 2018

കൊച്ചി : സമാന ഗ്ലോബൽ ഫണ്ട് (എസ് ജി എഫ് 2020സ്‌കീം 1) മുംബൈയിലെ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ബി എസ് ഇ മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ആശിഷ് കുമാർ ചൗഹാൻ, സമാന ഗ്ലോബൽ ബിസിനസ് സൊല്യൂഷൻസ് എം ഡി ഒ. എം. എ റഷീദ് എന്നിവർ ചേർന്ന് പരമ്പരാഗത ശൈലിയിൽ മണി മുഴക്കിയാണ് ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടായ എസ് ജി എഫ് അവതരിപ്പിച്ചത്.

ബി എസ് ഇ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് എം ഡി യും സി ഇ ഒയുമായ അംബരീഷ് ദത്ത, ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് എം ഡിയും സിഇഒയുമായ പി. കെ സജിത്കുമാർ, വിസ്റ്റർ ഐ ടി സി എൽ ഇന്ത്യ ഡയറക്ടർ നീരജ് അഗർവാൾ, സമാന എക്‌സിക്യൂട്ടീവ് ഡയറക്ടർ സബിത് കൊരമ്പ, ഐ ബി എം സി ഇൻവെസ്റ്റ്‌മെന്റ് മാനേജർ പി. എസ് അനൂപ് എന്നിവരുടെ സാന്നിധ്യത്തിലാണ് സമാന ഗ്ലോബൽ ഫണ്ട് അവതരിപ്പിച്ചത്.

അബുദാബിയിൽ നടക്കുന്ന ഐ ബി എം സിയുടെ യു എ ഇ – ഇന്ത്യ ബിസിനസ് ഫെസ്റ്റ് സമാപന ചടങ്ങിൽ രാജ്യാന്തര വിപണിയിൽ സമാന ഗ്ലോബൽ ഫണ്ട് അവതരിപ്പിക്കും. ഐ ബി എം സി യു എ ഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമദ് അൽ ഹമീദ് മുഖ്യാതിഥിയാകും. ഇന്ത്യ പദ്ധതികൾക്കായി രാജ്യാന്തര സ്വരുക്കൂട്ടലിനായി അബുദാബി ഗ്ലോബൽ മാർക്കറ്റിൽ ഫീഡർ ഫണ്ടിനും സമാന ഗ്ലോബൽ ഫണ്ട് പദ്ധതിയിട്ടിട്ടുണ്ട്.

സമാന ഗ്ലോബൽ ഫണ്ടിന് (എസ് ജി എഫ് – 2020) എ ഐ എഫ് കാറ്റഗറി 2 അപേക്ഷയ്ക്ക് സെബിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ, ലൈവ് ഫാം, അക്കാദമി, ലാൻഡ് ബാങ്ക്, റീറ്റെയ്ൽ, ഐ ടി തുടങ്ങിയ ഏഴ് പ്രമുഖ മേഖലകളിലായി നാലായിരം കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാനാണ് അനുമതി.സമാന ഗ്ലോബൽ ബിസിനസ് സ്ലോല്യൂഷൻസ് ആണ് എസ് ജി എഫ് 2020 ൻറെ സ്‌പോൺസർ. ഐ ബി എം സി ഇൻവെസ്റ്റ്മെന്റ് മാനേജരും വിസ്ട്ര ഐ ടി സി എൽ (ഇന്ത്യ) ഫണ്ട് ട്രസ്റ്റിയുമാണ്.

അതിവേഗം വളരുന്ന സാമ്പത്തികശക്തി എന്ന നിലയിൽ രാജ്യത്ത് ഏറെ ബിസിനസ് സാദ്ധ്യതകൾ ഉണ്ടെന്ന് സമാന ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് സി എം ഡി ഒ. എം. എ റഷീദ് അഭിപ്രായപ്പെട്ടു. തദേശീയ നിക്ഷേപകർക്ക് സുവർണാവസരമാണിതെന്നും അബുദാബി ഗ്ലോബൽ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടുന്നതോടെ ആഗോള നിക്ഷേപകർക്കും അവസരം തുറന്നിടുകയാണെന്നും ഐ ബി എം സി ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ആൻഡ് അഡ്വൈസേഴ്‌സ് സിഇഒയും പങ്കാളിയുമായ പി. കെ സജിത്കുമാർ അഭിപ്രായപ്പെട്ടു.