ആരോഗ്യ രംഗത്ത് സർക്കാർ ഡോക്ടർമാരുടെ പങ്ക് നിർണായകം ഡോ. രമേഷ്

Posted on: January 28, 2017

കൊച്ചി : പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർ തങ്ങളുടെ പ്രദേശത്തെ പ്രശ്‌നങ്ങളിലും പൊതുജനങ്ങൾക്കിടയിലും ഇടപട്ട് പ്രവർത്തിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. രമേഷ്. കൊച്ചി ബോൾഗാട്ടി പാലസിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളിൽ സർക്കാർ ഡോക്ടർമാരുടെ പങ്ക് വളരെ വലുതാണ്. പകർച്ച വ്യാധി രോഗ നിവാരണം, ടിബി നിയന്ത്രണം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തി കേരള ആരോഗ്യ മാതൃക സൃഷ്ടിക്കുന്നതിലും സർക്കാർ ഡോക്ടർമാർക്ക് നിർണായക പങ്കുണ്ട്. സർക്കാർ ആശുപത്രികളിലെ പ്രവർത്തനം മെച്ചപ്പെടുത്താൻ സ്റ്റാഫ് പാറ്റേൺ പരിഷ്‌ക്കരിക്കുന്നതിനായി കെജിഎംഒഎ സമർപ്പിച്ച നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്തുവരികയാണെന്ന് അദേഹം പറഞ്ഞു.

കെജിഎംഒഎ സുവനീർ ഡോ. സണ്ണി ഒരത്തേൽ ഡോ. രമേഷിന് നൽകി പ്രകാശനം ചെയ്തു. കെജിഎംഒഎയുടെ ഈ വർഷത്തെ ഭാരവാഹികളായി ഡോ. മധു.വി (സംസ്ഥാന പ്രസിഡന്റ്), ഡോ. റഊഫ് എ.കെ. (സംസ്ഥാന ജനറൽ സെക്രട്ടറി), ഡോ. ജ്യോതി ലാൽ എസ് (സംസ്ഥാന ട്രഷറർ), ഡോ. അനിൽ വി (മാനേജിംഗ് എഡിറ്റർ) എന്നിവരെ വീണ്ടും ഏകകണ്‌ഠേന തെരഞ്ഞെടുത്തു.

കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. മധു വി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റഊഫ് എ.കെ. സ്വാഗതം പറഞ്ഞു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാർ, ഐഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാമുവൽ കോശി, കെജിഎംസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്‌കർ, കെജിഐഎംഒഎ ജോയിന്റ് സെക്രട്ടറി ഡോ. ലാലി മോൾ കെ ആന്റണി, കെജിഎംഒഎ സംസ്ഥാന ട്രഷറർ ഡോ. ജ്യോതി ലാൽ എസ്, ജേണൽ എഡിറ്റർ ഡോ. അനിൽ വി, ഓർഗനൈസിംഗ് ചെയർമാൻ ഡോ. സലിം, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. സിറിൾ നന്ദി പറഞ്ഞു.

TAGS: KGMOA |