എം എ യൂസഫലി പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി അംഗം

Posted on: November 15, 2016

yusuff-ali-m-a-big

ന്യൂഡൽഹി : പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹരായിട്ടുള്ളവരെ കണ്ടെത്താനുള്ള ജൂറി അംഗമായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശം ചെയ്തു. അടുത്തവർഷം ജനുവരി 7-9 തീയതികളൽ ബംഗലുരുവിലാണ് പ്രവാസി ഭാരതീയ ദിവസ്. നാമനിർദേശം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കൂടിയായ യൂസഫലിക്ക് ലഭിച്ചു.

ഉപരാഷ്ട്രപതി ഹമീദ് അൻസാരിയാണ് ജൂറി ചെയർമാൻ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരും ജൂറി അംഗങ്ങളാണ്.